ന്യൂയോര്‍ക്ക്: റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അമേരിക്ക ഉള്‍പ്പടെയുള്ള വന്‍കിട ലോക രാഷ്ട്രങ്ങള്‍ റഷ്യയ്‌ക്കെതിരേ കനത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെ പിന്തുണച്ച് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനികളായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ സേവനം നിര്‍ത്തിവയ്ക്കുന്നതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. നിരോധനം ഉടന്‍ നിലവില്‍ വരുമെന്നും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ റഷ്യയില്‍ വിതരണം ചെയ്തിട്ടുള്ള വിസ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നും കമ്പനികള്‍ അറിയിച്ചു.
പ്രകോപനമില്ലാതെ, മറ്റു രാജ്യങ്ങളുടെ സമ്മര്‍ദ്ദം അവഗണിച്ച് യുക്രെയ്ന്‍ അധിനിവേശത്തിനു യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വിസ കാര്‍ഡ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അല്‍ കെല്ലി ചൂണ്ടിക്കാട്ടി.
തങ്ങളുടെ കാര്‍ഡ് ഉടമകള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ക്ക് ദുഖമുണ്ട്. എന്നാല്‍ സമാധാനത്തിനെതിരേ ഭീഷണിയുയര്‍ത്തുന്ന റഷ്യയുമായി നിസ്സഹകരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡ് സര്‍വീസിനു പുറമെ ബിപി ഷെല്‍, ജനറല്‍ മോട്ടോഴ്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും റഷ്യയില്‍ തുടരേണ്ടതില്ല എന്ന തീരുമാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് നാലാംതീയതി വെള്ളിയാഴ്ച വരെ യുഎന്‍ കണക്കനുസരിച്ച് യുക്രെയ്‌നില്‍ 1085 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥ എണ്ണം ഇതിലും ഉയരുമെന്നും യുഎന്‍ ചൂണ്ടിക്കാട്ടി.