ജില്ലാ പഞ്ചായത്ത് ബജറ്റ്: സമ്പൂര്‍ണ ശുചിത്വത്തിനും കാര്‍ഷിക മേഖലയ്ക്കും മുന്‍തൂക്കം

Spread the love

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ 2022-23 ലെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് സാറാ തോമസ് അവതരിപ്പിച്ചു. 237.94 കോടി രൂപ വരവും 224.73 കോടി രൂപ ചിലവും 13.21 കോടി രൂപ മിച്ചവും കാണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ വേണ്ടി ‘നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല’ എന്ന പേരില്‍ നടപ്പാക്കുന്ന പ്രോജക്ടിന് നാലു കോടി രൂപ വകയിരുത്തി. ഇതിന്റെ ഭാഗമായി കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ക്ക് ധാരണാപത്രം ഒപ്പിട്ടുണ്ട്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.കാര്‍ഷികമേഖലയില്‍ 9.55 കോടി രൂപ വകയിരുത്തി. ജില്ലയില്‍ അസ്തമിച്ചു പോയ കരിമ്പ് കൃഷി പുനരാരംഭിക്കാന്‍ ശര്‍ക്കര ഉത്പാദനം നടത്താനും പുതിയ പദ്ധതി നടപ്പാക്കും. നെല്‍കൃഷി വികസനം, തരിശുനില കൃഷി പ്രോത്സാഹനം, ജൈവകൃഷി പദ്ധതി, കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ വിപണന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പ്രോജക്ട് നടപ്പാക്കും. പുല്ലാട്, അടൂര്‍ സീഡ് ഫാമുകളില്‍ ഒരു കോടി രൂപ മുടക്കി ആധുനിക രീതിയിലുള്ള വിത്ത് സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കും. കൊടുമണ്‍ റൈസ് മില്ലിന്റെ നിര്‍മാണത്തിന് 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കാട്ടുപന്നികളുടെ ആക്രമണത്തില്‍ നിന്നും കൃഷി ഇടങ്ങള്‍ സംരക്ഷിക്കാന്‍ 75 ലക്ഷം രൂപയുടെ പ്രോജക്ട് നടപ്പാക്കും.മൃഗസംരക്ഷണ, ക്ഷീര വികസന മേഖലകള്‍ക്ക് 2.92 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം, ക്ഷീര സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, തീറ്റപ്പുല്‍ കൃഷിക്ക് സബ്സിഡി, ജില്ലാ മൃഗാശുപത്രിയുടെ വിപുലീകരണം തുടങ്ങിയവയാണ് പ്രോജക്ടുകള്‍.
വിദ്യാഭ്യാസ മേഖലയിലെ പ്രോജക്ടുകള്‍ക്ക് പതിനെട്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പഠന നിലവാരം മെച്ചപ്പെടുത്താന്‍ നമ്മളെത്തും മുന്നിലെത്തും എന്ന പദ്ധതി നടപ്പിലാക്കും. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ നവീകരണം, ശൗചാലയങ്ങളുടെ നിര്‍മാണം എന്നിവയ്ക്കും ഫണ്ട് നീക്കി വച്ചിട്ടുണ്ട്.
ആരോഗ്യപരിപാലനത്തിന് 8.25 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. ജില്ലാ ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം, ഓക്സിജന്‍ പ്ലാന്റ്, ബ്ലഡ് ബാങ്ക് എന്നിവ നടപ്പാക്കും. കാന്‍സര്‍ മുക്ത ജില്ലയെന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം കാന്‍സര്‍ നിര്‍മാജ്ജന ക്യാമ്പുകള്‍ സംഘടിപ്പിക്കും. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് സൗജന്യ മരുന്ന് നല്‍കാന്‍ വേണ്ടി അതിജീവനം എന്ന പദ്ധതി നടപ്പിലാക്കും. അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയുടെ നവീകരണത്തിനും ഫണ്ട് വകയിരുത്തി.
ഭവനനിര്‍മാണത്തിന് 11.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ലൈഫ് ഭവനനിര്‍മാണ പദ്ധതിയില്‍ ഗ്രാമപഞ്ചായത്തുകളില്‍ തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ തുക നല്‍കും. അതിദരിദ്രരെ സഹായിക്കാന്‍ പദ്ധതി നടപ്പാക്കും. ജനകീയ ഹോട്ടല്‍ സംവിധാനം ശക്തിപ്പെടുത്തും. ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്ക് ധനസഹായം, അയിരൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കഥകളി ക്ലബ്ബിന് ധനസഹായം എന്നീ പദ്ധതികളും നടപ്പിലാക്കും.
പട്ടികജാതി ക്ഷേമം, വനിതാക്ഷേമം എന്നീ മേഖലകളിലെ പദ്ധതികള്‍ക്ക് പതിനഞ്ച് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളെ കൂടാതെ നിര്‍വഹണ ഉദ്യോഗസ്ഥ,ര്‍ ആസൂത്രണസമിതി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *