യുവജനങ്ങള്‍ക്ക് ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി എ ഒ സി

Spread the love

ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയത്തിനുവേണ്ടി അരയും തലയും മുറുക്കി പ്രവര്‍ത്തനരംഗത്തെത്തിയ ഭൂരിപക്ഷം യുവജനങ്ങള്‍ക്കും ഇപ്പോള്‍ ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നു ന്യൂയോര്‍ക്കില്‍നിന്നുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് വിഭാഗത്തിന്റെ ശബ്ദമായി അറിയപ്പെടുന്ന അലക്‌സാന്‍ഡ്രിയ ഒക്കേഷ്യ കോര്‍ട്ടസ് മുന്നറിയിപ്പു നല്‍കി.

മാര്‍ച്ച് 24 നു ന്യൂയോര്‍ക്കിലുള്ള പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് എഒസി തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്.

അമേരിക്കന്‍ വിദ്യാഭ്യാസരംഗം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളിലൊന്നാണ് വിദ്യാര്‍ഥികളുടെ കടബാധ്യത എഴുതിതള്ളുക എന്നത് . ഇക്കാര്യത്തില്‍ ബൈഡന്‍ സ്വീകരിച്ച നിലപാടുകള്‍ നിരാശാജനകമാണെന്നും അവര്‍ പറഞ്ഞു.

ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വളരെ നല്ല പിന്തുണയാണ് 2020 ലെ തെരഞ്ഞെടുപ്പില്‍ യുവജനങ്ങളില്‍നിന്നും ലഭിച്ചത്. വിശ്രമം പോലും ഒഴിവാക്കി അവര്‍ ബൈഡന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. അവരുടെ പ്രതീക്ഷകളെ പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നുവോ എന്ന ആശങ്കയാണ് ബൈഡനില്‍നിന്നും അവരെ അകറ്റുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

പതിനായിരം ഡോളറിന്റെ വിദ്യാര്‍ഥി ലോണ്‍ കാന്‍സല്‍ ചെയ്യുമെന്നാണ് ബൈഡന്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ വാഗ്ദാനം ചെയ്തിരുന്നത്. എക്‌സിക്യൂട്ടീവ് അധികാരം പ്രസിഡന്റില്‍ നിക്ഷിപ്തമായിരുന്നിട്ടും നടപടികള്‍ സ്വീകരിക്കുന്നതില്‍ ബൈഡന്‍ പരാജയപ്പെട്ടതായും അവര്‍ പറഞ്ഞു.

2016 ലെ തെരഞ്ഞെടുപ്പില്‍ യുവജനങ്ങളുടെ പ്രാതിനിത്യം 39 ശതമാനമായിരുന്നു. ഇത് 2020 ആയപ്പോഴേയ്ക്കും 50 ശതമാനമായി ഉയര്‍ന്നു. ഇതാണ് ബൈഡനു വിജയം സുനിശ്ചിതമാക്കിയതെന്നും അലക്‌സാന്‍ഡ്രിയ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *