ജനക്ഷേമത്തിന് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ്

Spread the love

മികവോടെ മുന്നോട്ട്: 47
ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെയും വേഗത്തിലും അഴിമതിമുക്ത സേവനങ്ങള്‍ ലഭ്യമാക്കുയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിനുള്ള തീരുമാനം എടുത്തത്. അധികാര വികേന്ദ്രീകരണ പ്രക്രിയയെയും തദ്ദേശ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്ന രീതിയിലാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ സ്വയംഭരണ എന്‍ജിനിയറിങ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെയാണ് ഏകോപിപ്പിക്കുന്നത്. ഏകീകൃത വകുപ്പില്‍ റൂറല്‍, അര്‍ബന്‍, പ്ലാനിങ്, എന്‍ജിനിയറിങ് എന്നീ നാല് വിഭാഗങ്ങളാണ് ഉണ്ടാകുക. ഭരണ പരിഷ്ക്കാരത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെല്ലാം സംസ്ഥാനത്ത് നടപ്പാക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭരണപരമായ സഹായം എത്തിച്ചുകൊടുക്കുക എന്നതാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രധാന ലക്ഷ്യം. 31000 ൽ അധികം സ്ഥിരം ജീവനക്കാരും 7000 ഓളം കണ്ടിജന്റ് ജീവനക്കാരും ചേരുന്ന ഒരു പൊതു സര്‍ വീസാണ് സംസ്ഥാനത്തും ജില്ലയിലും ഏകീകൃത കാര്യാലയങ്ങള്‍ സഹിതം നിലവില്‍ വരുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണം അത്യാവശ്യമാണ്. ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രാദേശിക സര്‍ക്കാരാണ് തദ്ദേശ സ്ഥാപനങ്ങള്‍. അതിന്റെ ഭാഗമായാണ് ഒരേ സ്വഭാവമുളള അഞ്ച് വകുപ്പുകളെ ഏകോപിപ്പിച്ചത്.
ഏകീകൃത വകുപ്പില്‍ ഫയലുകളില്‍ തീരുമാനം കൈക്കൊള്ളാൻ ഉദ്യോഗതലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അതിനാല്‍ വേഗത്തില്‍ തീരുമാനം ഉണ്ടാകും. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളോ സ്പഷ്ടീകരണമോ പ്രത്യേക സാങ്കേതികാനുമതിയോ ആവശ്യമുള്ള ഫയലുകള്‍ ഒഴികെ ബാക്കി തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുളള ഉദ്യോഗസ്ഥ സംവിധാനം മാത്രമേ ഇനി ഉണ്ടാവുകയുളളൂ. ഇത് ഫയല്‍ തീര്‍പ്പാക്കുന്നതില്‍ വലിയ മാറ്റമുണ്ടാക്കും.
കേരളത്തിന്റെ സമഗ്ര വികസനക്കുതിപ്പിന് കരുത്തേകാന്‍ ഉതകുന്നതും ജനകീയവും സേവനപ്രദാനവുമായ സര്‍വീസ് ഉറപ്പുവരുത്തുന്നതുമായ ചരിത്രപരമായ കാല്‍വെയ്പ്പാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണത്തോടെ സാധ്യമാകുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *