ഒ.വി വിജയന്‍ തുറന്നിട്ട സംവാദ മണ്ഡലങ്ങള്‍ തുടരുകയെന്നതാണ് അദ്ദേഹത്തോടുള്ള വലിയ ആദരം

പാലക്കാട്‌: ഒ. വി. വിജയന്‍ തുറന്നിട്ട സംവാദ മണ്ഡലങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ഒ. വി. വിജയനോട് നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ആദരവ് എന്ന് നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് പറഞ്ഞു. ഒ. വി. വിജയന്‍ ചരമ ദിനാചരണം 2022 ന്റെ ഭാഗമായി ഒ.വി. വിജയന്‍ സ്മാരക സമിതി തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച ‘പാഴുതറയിലെ പൊരുളുകള്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഭിപ്രായങ്ങളില്‍ എല്ലായിപ്പോഴും സംവാദ തലം നിലനിര്‍ത്തിയ വ്യക്തിയായിരുന്നു ഒ. വി. വിജയന്‍ . ഒരു ജനാധിപത്യ വാദിയായിരുന്നു.
ലോകത്ത് അമിതാധികാരത്തിന്റെ കെടുതി വ്യക്തമാക്കുകയും അതിനെ ആക്രമിക്കുകയും ചെയ്തുകൊണ്ട് ഒ.വി വിജയന്‍ രചിച്ച ധര്‍മ്മപുരാണം നല്‍കിയ മുന്നറിയിപ്പുകള്‍ രാജ്യത്ത് യാഥാര്‍ഥ്യമായി കഴിഞ്ഞു. . ഖസാക്കിന്റെ ഇതിഹാസം ഏറ്റവും പുതിയ വായനക്കാരെ പോലും ആകര്‍ഷിക്കുന്ന രചനാശൈലി ഉള്ളതാണ്.
മലയാള സാഹിത്യത്തില്‍ നൂറുവര്‍ഷം കഴിഞ്ഞാലും ഖസാക്കിന്റെ ഇതിഹാസം നിലനില്‍ക്കും എന്നും എം. ബി. രാജേഷ് പറഞ്ഞു.പരിപാടിയില്‍ എ. പ്രഭാകരന്‍ എം. എല്‍. എ. അധ്യക്ഷനായി . ഒ.വി. വിജയന്‍ സ്മാരക സാഹിത്യപുരസ്‌കാരങ്ങള്‍ സ്പീക്കര്‍ എം. ബി. രാജേഷ് വിതരണം ചെയ്തു. സ്മൃതിപ്രഭാഷണം ജി. എസ്. പ്രദീപ് നിര്‍വഹിച്ചു. ലഘു നാടകാവിഷ്‌കാരം, കവിയരങ്ങ് എന്നിവയും നടന്നു.

Leave Comment