കൊല്ലം: നിര്‍ധനരായ എല്ലാവര്‍ക്കും കിടപ്പാടം എന്ന സര്‍ക്കാരിന്റെ സ്വപ്നത്തോടൊപ്പം നില്‍ക്കുകയാണ് തഴവ സ്വദേശി കെ. ജെ സിദ്ദിക്കും. ലൈഫ് പദ്ധതിയുടെ ഭാഗമായ മനസ്സോടെ മണ്ണ് ക്യാമ്പയിനോട് അനുബന്ധിച്ച് തന്റെ ഒന്‍പത് സെന്റ് വസ്തുവാണ് അദ്ദേഹം നല്‍കിയത്. 31 വര്‍ഷം പോലീസ് സര്‍വീസിലുണ്ടായിരുന്ന സിദ്ദിഖിന്റെ സമ്പാദ്യത്തിന്റെ ഒരു പങ്കാണ് നാടിനായി നല്‍കിയത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷി ചെയ്യാനായി വാങ്ങിയ ആ മണ്ണില്‍ ഇനി രണ്ടുപേര്‍ക്ക് കിടപ്പാടം ഒരുങ്ങും. സര്‍വീസില്‍ കയറുന്നതിന് മുന്‍പും 2018ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷവും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അദ്ദേഹം. ഭൂമി നല്‍കുന്ന കാര്യത്തില്‍ കുടുംബത്തിന്റെപിന്തുണ കൂടിയായപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
മനസ്സോടെ മണ്ണ് നല്‍കി നാടിന് മാതൃകയായ സിദ്ദിഖിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയലും, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണും ആദരിച്ചു.