തൃശൂർ : ക്രൈസ്തവസാഹിത്യ അക്കാദമി സമ്മേളനവും അവാർഡ് വിതരണവും മെയ് 2ന് തൃശൂർ മിഷൻ കോർട്ടേഴ്സിൽ ഫുൾ ഗോസ്പൽ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കെ.വി.സൈമൺ അവാർഡിന് ഡോ.മാർ അപ്രേം മെത്രാപോലീത്തയെയും വില്യം കേറി അവാർഡിന് റവ.ജോർജ് ജേക്കബിനെയും തിരെഞ്ഞെടുത്തു. ക്രൈസ്തവ സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ നല്കിയിട്ടുള്ള ഡോ.മാർ അപ്രേം ഇംഗ്ലീഷിലും മലയാളത്തിലുമായി 79 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നൂറിലധികം ക്രൈസ്തവ ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച മാർ അപ്രേം സാമൂഹിക സാംസ്കാരിക ആധ്യാത്മീക മേഖലകളിൽ ഇന്നും സജീവമാണ്. തിയോളജിയിലും സുറിയാനി ഭാഷാപഠനത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.നാലര പതിറ്റാണ്ടായി ബൈബിൾ പരിഭാഷാ രംഗത്ത് പ്രവർത്തിച്ചു വരുന്ന റവ.ജേക്കബ് ജോർജ് വിക്ലിഫ് ഇന്ത്യയുടെ സ്ഥാപക ചെയർമാനാണ്. എഴുത്തുകാരൻ , സംഘാടകൻ , വേദാദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ റവ.ജേക്കബ് ജോർജ് ഇന്ത്യാ എവരി ഹോം ക്രൂസേഡിൻറെ സൗത്ത് – ഏഷ്യാ ഡയറക്ടറായും പ്രവർത്തിക്കുന്നു.
കഴിഞ്ഞ 11 വർഷമായി എച്ച് ഐ വി ബാധിതർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമത്തിനും ആത്മീയ ഉന്നമനത്തിനുമായി പ്രവർത്തിച്ചു വരുന്ന പാസ്റ്റർ ടി.ജി.വിനോദിനെ സമ്മേളനത്തിൽ ആദരിക്കും.
അക്കാദമി പ്രസിദ്ധീകരണമായ ക്രൈസ്തവ സാഹിതിയുടെ വിശേഷാൽ പതിപ്പിൻറെ പ്രകാശനം പാസ്റ്റർ ദാനിയേൽ ഐരൂരിനു നല്കി ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യു നിർവഹിക്കും.ജേക്കബ് ജോർജിൻറെ പുതിയ ഗ്രന്ഥമായ ‘പുത്തൻ പ്രതീക്ഷകൾ ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടക്കും.
അക്കാദമി പ്രസിഡൻറെ ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷനായിരിക്കും. ഭാരവാഹികളായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, സജി മത്തായി കാതേട്ട്, ലിജോ വർഗീസ് പാലമറ്റം, എം.വി.ബാബു കല്ലിശ്ശേരി, സാം കൊണ്ടാഴി എന്നിവർ നേതൃത്വം നല്കും.
സാം കൊണ്ടാഴി( മീഡിയാ കൺവീനർ)