വാഷിങ്ടന്‍ ഡി സി: ഒക്ലഹോമയില്‍ കഴിഞ്ഞ ദിവസം വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ ഗര്‍ഭച്ഛിദ്ര നിരോധന ബില്‍ സമൂഹത്തിന് അപമാനകരമാണെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സെനറ്റ് ബില്‍ 612 എന്നറിയപ്പെടുന്ന കര്‍ശന ഗര്‍ഭച്ഛിദ്ര നിരോധന നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും, 100,000 ഡോളര്‍ ശിക്ഷയും നല്‍കുന്നതിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമം അപമാനകരമാണെന്നാണ് ഏപ്രില്‍ 7 വ്യാഴാഴ്ച കമലാ ഹരിസ് ട്വിറ്ററില്‍ കുറിച്ചത്. ഒക്ലഹോമ പാസാക്കിയ ബില്‍ നിയമമാകുന്നതോടെ പൂര്‍ണ്ണ ഗര്‍ഭച്ഛിദ്ര നിരോധനം നിലവില്‍ വരും. ഇത് സ്ത്രീകള്‍ക്ക് ആരോഗ്യ സുരക്ഷ ലഭിക്കുന്നതു തടയുമെന്നും കമല ഹാരിസ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
ബൈഡന്‍ ഭരണകൂടം തങ്ങളില്‍ അര്‍പ്പിതമായ അധികാരം ഉപയോഗിച്ചു സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഹാരിസ് ഉറപ്പു നല്‍കി.
സെനറ്റ് പാസ്സാക്കിയ ബില്‍ ഗവര്‍ണറുടെ ഓഫിസില്‍ എത്തിയാലുടന്‍ അതില്‍ ഒപ്പുവയ്ക്കുമെന്ന് ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍മാര്‍ ഭരിക്കുന്ന ടെക്‌സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്ര നിരോധനം കര്‍ശനമായി നടപ്പാക്കുന്നതാണെന്നുള്ളത് വലിയ വിമര്‍ശനങ്ങള്‍ക്കും വിധേയമാകുന്നുണ്ട്.