കൺസ്യൂമർഫെഡിന്റെ വിഷു, ഈസ്റ്റർ, റംസാൻ വിപണികൾ 12 മുതൽ

Spread the love

സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി നിർവഹിക്കും.

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ സഹകരണ വിപണികൾ ഏപ്രിൽ 12ന് ആരംഭിക്കും. ഏപ്രിൽ 18 വരെ ഇവ പ്രവർത്തിക്കും. 778 വിപണന കേന്ദ്രങ്ങളാകും പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു പ്രവർത്തിക്കുക.

ഇവിടങ്ങളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്കു ലഭിക്കും. ഇതിനൊപ്പം മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങളും കോസ്‌മെറ്റിക്‌സ്, ഹൗസ് ഹോൾഡ് ഉൽപ്പന്നങ്ങളും, പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവ് വിൽപ്പന നടത്തുവാൻ ആവശ്യമായ സ്റ്റോക്ക് കൺസ്യൂമർഫെഡ് ശേഖരിച്ചിട്ടുണ്ട്.

ജയ അരി കിലോയ്ക്ക് 25 രൂപ, കുറുവ അരി കിലോയ്ക്ക് 25 രൂപ, കുത്തരി കിലോയ്ക്ക് 24 രൂപ, പച്ചരി കിലോയ്ക്ക് 23 രൂപ, പഞ്ചസാര കിലോയ്ക്ക് 22 രൂപ, വെളിച്ചെണ്ണ കിലോയ്ക്ക് 92 രൂപ, ചെറുപയർ കിലോയ്ക്ക് 74 രൂപ, വൻകടല കിലോയ്ക്ക് 43 രൂപ, ഉഴുന്ന് ബോൾ കിലോയ്ക്ക് 66 രൂപ, വൻപയർ കിലോയ്ക്ക് 45 രൂപ, തുവരപരിപ്പ് കിലോയ്ക്ക് 65 രൂപ, മുളക് ഗുണ്ടൂർ കിലോയ്ക്ക് 75 രൂപ, മല്ലി കിലോയ്ക്ക് 79 രൂപ എന്നിങ്ങനെയാകും വിൽപ്പന.
ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, 500 ഗ്രാം വീതം വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്നു, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിങ്ങനെയാകും നൽകുക. ജില്ലാതലത്തിൽ വിപണന കേന്ദങ്ങളെ തെരഞ്ഞെടുത്ത് ജില്ലാതല ഉദ്ഘാടനങ്ങളും സംഘടിപ്പിക്കും. സംസ്ഥാനതല ചന്തയിൽ പ്രതിദിനം 200 പേർക്കും ജില്ലാതല ചന്തകളിൽ 100 പേർക്കും, മറ്റ് വിപണന കേന്ദങ്ങളിൽ 75 പേർക്കും വീതം വിതരണം നടത്തുന്നതിനാവശ്യമായ സാധനങ്ങൾ ഓരോ വിപണികൾക്കും നൽകും റേഷൻകാർഡിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് സപ്ലൈക്കോയുടെ വിലവിവരപ്പട്ടിക പ്രകാരമാകും വിൽപ്പന നടത്തുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 11നു വൈകിട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *