കൊച്ചി: യുകെയില്‍ മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവാണ് ഈ ബഹുമതിക്ക് അര്‍ഹയായത്. ബക്കിങ്ഹാംഷയര്‍ ട്രസ്റ്റ് ഹീമറ്റോളജി വിഭാഗത്തിലെ സര്‍വീസ് ലീഡ് ആന്‍ഡ് അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷ്ണറാണ് ആശ. ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ സൗത്തീസ്റ്റ് ഇംഗ്ലണ്ട് ചീഫ് നഴ്‌സിങ് ഓഫീസര്‍ അക്കോസ്യ ന്യാനിന്‍ ആശയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.
ജോലിയിലെ മികവിനും അതിനുപരിയായി ചെയ്യുന്ന സേവനങ്ങള്‍ക്കുമുള്ള അംഗീകാരമായിട്ടാണ് സിഎന്‍ഒ അവാര്‍ഡ് നല്‍കുന്നത്. സ്പെഷ്യലിസ്റ്റ് സീനിയര്‍ നഴ്സിങ് ടീമിന്റെ ഭാഗമായി നടത്തിയിട്ടുള്ള സേവനങ്ങള്‍, പുതുതായി കേരളത്തില്‍ നിന്നും ട്രസ്റ്റില്‍ വന്ന നഴ്‌സുമാര്‍ക്ക് നല്‍കി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് ആശ മാത്യുവിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഈ ട്രസ്റ്റിലെ വിദേശ റിക്രൂട്ട്‌മെന്റില്‍ സജീവ സാന്നിധ്യമായ ആശ, പുതിയതായി വരുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ മെന്റോര്‍ കൂടിയാണ്. ബക്കിങ്ഹാംഷയര്‍ ട്രസ്റ്റില്‍ മലയാളി നഴ്‌സുമാരെ ഒരു കുടക്കീഴില്‍ അണിനിരത്തി കഴിഞ്ഞ. സെപ്റ്റംബറില്‍ ആശയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരള നഴ്‌സസ് ഫെസ്റ്റ് വളരെയധികം പ്രശംസ നേടിയിരുന്നു. ബക്കിങ്ഹാംഷയര്‍ ട്രസ്റ്റിലെ അവാര്‍ഡിനായി ഇതിനു മുമ്പ് രണ്ടു തവണ ആശയെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
ഭര്‍ത്താവ് ജോണ്‍ നൈനാന്‍, മകന്‍ കെവിനുമൊപ്പം ഇംഗ്ലണ്ടില്‍ ഹൈവിക്കമിലാണ് ആശ താമസിക്കുന്നത്. എട്ടാം വയസില്‍ തലച്ചോറിലെ കാന്‍സറിനോട് പൊരുതി കീഴടങ്ങിയ രണ്ടാമത്തെ മകന്‍ റയാന്റെ ഓര്‍മക്കായി കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാനായി ആശ മാത്യു, റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി (RNCC ) എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. തിരുവനന്തപുരം ആര്‍സിസി ഉള്‍പ്പെടെ ഇന്ത്യയിലെയും യുകെയിലെയും ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സഹായം എത്തിക്കാന്‍ ആര്‍എന്‍സിസിക്ക് കഴിഞ്ഞിട്ടുണ്ട്.
Report : Vijin Vijayappan