ജില്ലയിൽ കോവിഡ് മരണാനന്തര ധനസഹായത്തിലൂടെ ഇതുവരെ വിതരണം ചെയ്തത് 32.71 കോടി രൂപ. 6,543 പേർക്ക് ഇതുവരെ ധനസഹായം നൽകി. ജില്ലയിൽ ആകെ 7,419 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 7,075 അപേക്ഷകൾ ലഭിച്ചതിൽ 6,710 അപേക്ഷകൾ പരിഗണിച്ചു. ഇത് ആകെ ലഭിച്ച അപേക്ഷയുടെ 94.84 ശതമാനമാണ്.
അർഹരായ മുഴുവൻ ആളുകളിലേക്കും സഹായമെത്തിക്കാൻ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. ഓൺലൈനായും അതാത് വില്ലേജ് ഓഫീസുകളിൾ നേരിട്ടും ലഭിച്ച അപേക്ഷകൾ മുഖേനയാണ് ധനസഹായം വിതരണം ചെയ്തത്. അപേക്ഷകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് വിതരണം പൂർത്തിയാക്കിയത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കുന്ന സർക്കാർ ധനസഹായത്തിന് www.relief.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന മരണ സർട്ടിഫിക്കറ്റ്/ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ്/ ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡ് കോപ്പി, അപേക്ഷകന്റെ ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപയാണ് സർക്കാർ ധനസഹായം നൽകുന്നത്.
ഭാര്യ മരിച്ചാൽ ഭർത്താവിനോ, ഭർത്താവ് മരിച്ചാൽ ഭാര്യക്കോ ആണ് ധനസഹായത്തിന് അർഹതയുള്ളത്. മരിച്ച വ്യക്തിയുടെ മാതാപിതാക്കൾക്കും ധനസഹായത്തിന് അർഹതയുണ്ട്.