തിരുവനന്തപുരം: ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്‍മാര്‍. അവരാകും നാളത്തെ സമൂഹത്തെ മുന്നോട്ടുനയിക്കുന്നത്. ഇന്നത്തെ കുഞ്ഞുങ്ങളെ പരിപൂര്‍ണ്ണ ആരോഗ്യവാന്‍മാരാക്കി വളര്‍ത്തേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ കടമയാണ്. അത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്കായി സർക്കാർ ആരംഭിച്ച പുതിയ പദ്ധതിയാണ് നിയോ ക്രാഡില്‍. നവജാത ശിശുക്കള്‍ക്ക് ഉണ്ടാകുന്ന സങ്കീര്‍ണങ്ങളായ ശരീരോഷ്മാവ് കുറയുന്ന അവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, ഓക്സിജന്‍ കുറയുന്ന അവസ്ഥ എന്നിവയെ കൃത്യസമയത്ത് ഇടപ്പെട്ട് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. നവജാത ശിശു പരിചരണ രംഗത്ത് പ്രധാന ചുവടുവെയ്പാണ് നിയോ ക്രാഡില്‍ പദ്ധതി.
നിയോ ക്രാഡില്‍ പദ്ധതിയിലൂടെ സങ്കീര്‍ണതകള്‍ ഉള്ള കുഞ്ഞുങ്ങളെ വിദഗ്ധ ചികിത്സ നല്‍കാനായി അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സില്‍ പരിചരണം നല്‍കി മറ്റ് ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതോടെ സംസ്ഥാനത്ത് നവജാത ശിശു മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പ്രസവം നടക്കുന്ന ആശുപത്രികളിലെ സംവിധാനങ്ങളുമായി ബന്ധിപ്പിക്കല്‍, ടെര്‍ഷ്യറി സെന്ററുകളില്‍ എംഎന്‍സിയു, മുലപ്പാല്‍ ബാങ്ക്, ഐടി പ്ലാറ്റ് ഫോം, ഗര്‍ഭിണികള്‍ നവജാതശിശുക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കായി ആരോഗ്യ സന്ദേശങ്ങള്‍, വിദഗ്ധരുടെ ലേഖനങ്ങള്‍, സ്റ്റാഫുകള്‍ക്ക് പരിശീലനങ്ങള്‍ എന്നിവയാണ് നിയോക്രാഡില്‍ പദ്ധതിയുടെ മറ്റു പ്രധാന ഘടകങ്ങള്‍.
ഓരോ ആശുപത്രികളിലെയും സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു ലെവലുകളായി തിരിച്ച് ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. അടിയന്തര ചികിത്സയും റഫറലും ആവശ്യമായ കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിന് മുന്‍പ് തന്നെ വിവരങ്ങള്‍ https://neocradle.kerala.gov.in എന്ന വെബ്സൈറ്റ് വഴി കൈമാറാനും ആവശ്യമെങ്കില്‍ വീഡിയോ കോള്‍ മുഖേന കുട്ടിയുടെ ചികിത്സയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സാധിക്കും. വിദഗ്ധ ആശുപത്രികളിലേക്കുള്ള യാത്രക്കിടയില്‍ ആംബുലന്‍സിലെ മെഡിക്കല്‍ സംവിധാനങ്ങള്‍ നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും. ഒപ്പംതന്നെ റഫറല്‍ ചെയ്യുന്ന ആശുപത്രിയില്‍ കുഞ്ഞിന് അനുസൃതമായി എല്ലാ സംവിധാനങ്ങളും തയ്യാറാക്കാനും സാധിക്കും. ഇതിലൂടെ ഒരു കുഞ്ഞിനെ തടസമില്ലാത്ത സേവനങ്ങള്‍ നല്‍കി സുരക്ഷിതമായി തന്നെ ആശുപത്രിയില്‍ എത്തിക്കാനാകും. ഇതുവരെ 25 സര്‍ക്കാര്‍ സ്വകാര്യ ആശുപതികള്‍ നിയോ ക്രാഡില്‍ വെബ് സൈറ്റില്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.