മണ്ണിലെ മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാ മനുഷ്യന്റെയും ചോര ഒന്നാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തലുമായി കെ പി എ സിയുടെ ‘മരത്തന്‍-1892’ നാടകം കണ്ണൂരില്‍ നിറഞ്ഞ സദസ്സില്‍ അരങ്ങേറി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ പോലീസ് മൈതാനിയിലെ ‘എന്റെ കേരളം’ അരങ്ങിലാണ് ‘മരത്തന്‍’ അരങ്ങേറിയത്. കണ്ണൂരിലെ നാടക പ്രേമികള്‍ ആവേശത്തോടെയാണ് നാടകം സ്വീകരിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പോത്തേരി കുഞ്ഞമ്പു രചിച്ച ‘സരസ്വതീവിജയം’ എന്ന നോവലിനാണ് കെപിഎസി രംഗഭാഷ്യം ഒരുക്കിയത്. ജനിപ്പിന്റെ വേദന മറക്കാന്‍ തൊണ്ട പൊട്ടി പാടിയ പാട്ടിന്റെ പേരില്‍ ജന്‍മിത്തം ചളിയില്‍ ചവിട്ടിത്താഴ്ത്തിയ ദളിതന്റെ ഉയര്‍ത്തെഴുന്നേല്‍പിന്റെ കഥയാണ് ‘മരത്തന്‍’. മരത്തന്റെ കൊലപാതകത്തിന്‍മേല്‍ ബ്രിട്ടീഷ് കോടതിയുടെ അന്വേഷണത്തിനൊടുവില്‍ ജന്‍മിയായ കുബേരന്‍ നമ്പൂതിരിയുടെ കുടുംബം തകരുന്നു. ജന്‍മി നാടുവിട്ട് ആസേതു ഹിമാചലം അലഞ്ഞ് ഒടുവില്‍ മനുഷ്യനായി തിരിച്ചെത്തുന്നു. വിചാരണയ്ക്കൊടുവില്‍ അയാളെ ജഡ്ജി വെറുതെ വിടുന്നു. ജഡ്ജി കാത്തുസൂക്ഷിച്ച സത്യം പുറത്തുവിടുന്നു. മരത്തന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ചളിയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ മരത്തനാണ് ജഡ്ജിയായ യേശുദാസനെന്ന താനെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഒടുവില്‍ മനുസ്മൃതിയും വേദവും അനാചാരങ്ങളും അധികാരഹുങ്കും അരങ്ങുവാണ തന്റെ ഇല്ലം ജാതിരഹിതമായ വീടായി മാറിയതായി കുബേരന്‍ തന്റെ ജാതി വാല്‍ മുറിച്ചുകളഞ്ഞ് പ്രഖ്യാപിക്കുന്നു.127 വര്‍ഷം മുമ്പ് പിറന്ന നോവലിനെ ചെറിയ കൂട്ടിച്ചേര്‍ക്കലോടെയാണ് പുതിയകാലത്ത് അവതരിപ്പിച്ചത്. സുഭദ്ര അന്തര്‍ജനം, മരത്തന്‍, കുബേരന്‍ നമ്പൂതിരി, ഭവശര്‍മന്‍, യജ്ഞന്‍ തുടങ്ങിയവരാണ് കഥാപാത്രങ്ങള്‍.സുരേഷ്ബാബു ശ്രീസ്ഥ രചന നിര്‍വ്വഹിച്ച നാടകത്തിന്റെ സംവിധായകന്‍ മനോജ് നാരായണനാണ്. നാടന്‍പാട്ടിനും ചങ്ങമ്പുഴയുടെ കവിതയ്ക്കും എം കെ അര്‍ജുനന്‍ മാഷാണ് സംഗീതം പകര്‍ന്നത്. കല്ലറ ഗോപനും അപര്‍ണ രാജീവുമാണ് ഗായകര്‍. കെ കലേഷ്, ദേവന്‍ കൃഷ്ണ, കെ കെ വിനോദ്, ജയരാജ് ഞാറ്റുവയല്‍, റിജേഷ് തളിയില്‍, ശെല്‍വി, അജീഷ്, അനിതാശെല്‍വി, ജയ പി താനം, അജിത കൃഷ്ണന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ആര്‍ടിസ്റ്റ് സുജാതനാണ് രംഗപടം. ബിജുലാല്‍ ദീപനിയന്ത്രണവും രമേശ് കണ്ടല്ലൂര്‍ വേഷവിധാനവും നിര്‍വഹിച്ചു.