നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കും:തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Spread the love

സാമൂഹ്യമാധ്യമങ്ങള്‍ വഴി കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുകയും വ്യക്തിപരമായി അപമാനിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന കെപിസിസി അച്ചടക്ക സമിതിയുടെ യോഗത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

വര്‍ധിച്ച് വരുന്ന ഇത്തരം നടപടി ആശങ്കയോടെയാണ് സമിതി കാണുന്നത്. ഇങ്ങനെയുള്ള ദുഷ്പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെയും നേതൃത്വത്തിന്‍റെയും യശസ്സും അന്തസ്സും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്‍റെയും ഉത്തരവാദിത്തവും കടമയുമാണ്. എന്നാല്‍ ചിലരെങ്കിലും വികാരവിക്ഷോഭത്തിന് വിധേയമായി ബഹുജനശ്രദ്ധക്കായി സാമൂഹ്യമാധ്യങ്ങളിലൂടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിവരുന്നു. ഇത്തരം പ്രവണത ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ആഭ്യന്തരജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ പരാതികള്‍ പറയുവാനും പരിഹാരം കണ്ടെത്താനും നിശ്ചിതമായ പാര്‍ട്ടി ഫോറങ്ങളുണ്ട്. അവിടെ പരാതികള്‍ ഉന്നയിക്കാതെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തി ആരോപണവും ആക്ഷേപവും ഉന്നയിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സമിതി വിലയിരുത്തിയതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട വിഷയങ്ങള്‍ വ്യവസ്ഥാപിതമായ മാര്‍ഗത്തിലുടെ നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. അതിന് ശ്രമിക്കാതെ കോണ്‍ഗ്രസ് വിരോധികള്‍ക്ക് ആയുധം നല്‍കുന്ന ചിലരുടെ നടപടി കര്‍ശനമായി തടയും.അതിനായി അച്ചടക്ക സമിതി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

മാധ്യമങ്ങള്‍ വഴി വ്യക്തിവിരോധം തീര്‍ക്കുന്നതിനും നേതൃത്വത്തെ അപമാനിക്കുന്നതിനും ആരെങ്കിലും ശ്രമിച്ചാല്‍ പാര്‍ട്ടി അച്ചടക്ക ലംഘനമായി കണക്കാക്കും. നേതൃത്വത്തിനെതിരെ ദുഷ്പ്രചരണം നടത്തുന്ന കേന്ദ്രം ഏതാണെന്ന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി അത്തരക്കാര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സമിതി സ്വീകരിക്കും. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് കൂടുതല്‍ ഐക്യത്തോടെയും പരസ്പരവിശ്വാസത്തോടെയും മുന്നോട്ട് പോകുന്നതിന് വേണ്ടിയാണ് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ അച്ചടക്ക സമിതിയെ പ്രേരിപ്പിച്ച ഘടകമെന്നും കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അച്ചടക്ക സമിതി അംഗങ്ങളായ എന്‍. അഴകേശന്‍, ഡോ. ആരീഫ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *