കേരളത്തിൽ വികസനത്തിന്റെ പേരിൽ ഒരാളും അനാഥരാകില്ല: മന്ത്രി എം വി ഗോവിന്ദൻ
വികസനത്തിന്റെ പേരിൽ കേരളത്തിൽ ഒരാളും അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ അനാഥരാകില്ലെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം മെഗാ എക്സിബിഷനിലെ മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌ക്കാര പ്രഖ്യാപനവും കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിഗും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹംകെ റെയിലിനെ പലരും അനാവശ്യമായി എതിർക്കുന്നുണ്ട്. ആർക്കും ആശങ്ക ആവശ്യമില്ല. കുടിയൊഴിപ്പിക്കപ്പെടുമ്പോൾ പ്രയാസമുള്ളവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ഒഴിഞ്ഞു പോകേണ്ട സ്ഥിതിയുണ്ടാവില്ല. കെ റെയിൽ യാഥാർഥ്യമായാൽ കേരളത്തിന്റെ സാമൂഹ്യ ജീവിതം നവീകരിക്കപ്പെടും. സമൂഹത്തിന്റെ മുന്നേറ്റത്തിന് നവീകരണം അനിവാര്യമായതിനാൽ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ വികസനവുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.’എന്റെ കേരളം’ എക്‌സിബിഷനിലെ കേരള പൊലീസിന്റെ സ്റ്റാളാണ് മികച്ച തീം സ്റ്റാളായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിൽ മലബാർ കാൻസർ സെന്റർ രണ്ടും ജയിൽ വകുപ്പ് മൂന്നും സ്ഥാനം നേടി.കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ വനിതകളുടെ കാർഷിക മൂല്യ വർദ്ധിത യൂനിറ്റുകളുടെ കൺസോഷ്യമാണ് 12 ഉൽപ്പന്നങ്ങൾ ‘കണ്ണൂർ’ എന്ന പൊതു ബ്രാൻഡിൽ വിപണിയിലിറക്കിയത്. നാല് തരം ചിപ്സുകളും ആറ് തരം അച്ചാറുകളും പാലടയും എൽ ഇ ഡി ബൾബും ഇനി കണ്ണൂരിന്റെ പേരിൽ മാർക്കറ്റിൽ ലഭിക്കും. സീസണിൽ നഷ്ടം സഹിച്ച് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഇതിലൂടെ പരിഹാരമാകും. ഗുണമേന്മ നിലനിർത്താൻ പ്രിസർവേറ്റീവ് ചേർക്കാതെയാണ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. 35 സംരംഭ യൂണിറ്റുകളിലെ 125 സ്ത്രീകൾക്ക്് ഇതുവഴി തൊഴിൽ ലഭിച്ചു. ബ്രാൻഡിങ്ങിന് ആവശ്യമായ പരിശീലനം നൽകിയ കുടുംബശ്രീ മിഷൻ മൂന്നര ലക്ഷം രൂപയാണ് ആദ്യഘട്ട പ്രവർത്തനത്തിന് ചിലവഴിച്ചത്.