പി.എസ്.സി ചെയർമാൻമാരുടെ 23-ാമത് ദേശീയ കോൺഫറൻസിന് തുടക്കമായി

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
പി.എസ്.സി ചെയർമാൻമാരുടെ ദേശീയ കോൺഫറൻസിന് കോവളത്ത് തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും യു.പി.എസ്.സി ചെയർമാനും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ പബ്ലിക് സർവീസ് കമ്മീഷനുകളുടെ മുന്നോട്ടുള്ള കരുത്തുറ്റ പ്രവർത്തനങ്ങൾക്ക് ഈ കോൺഫറൻസിന്റെ ഭാഗമായുള്ള സെഷനുകൾ കൂടുതൽ ഊർജം പകരട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. ഏറെ ഉത്തരവാദിത്വമുള്ള ചുമതലക്കാരാണ് ഇന്നിവിടെ കൂടിയിരിക്കുന്നതെന്നും ഓരോ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും പ്രത്യേക അഭിനന്ദനങ്ങൾക്ക് അർഹരാണെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച രീതിയിൽ നാഷണൽ കോൺഫറൻസ് കേരളത്തിൽ സംഘടിപ്പിക്കുന്ന കേരള പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ അഭിനന്ദനാർഹനാണ്. ചടങ്ങിൽ വിശിഷ്ടാതിഥികൾക്ക് വിഷുപുടവ നൽകുകയും ഗവർണർക്ക് പ്രത്യേക പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു. കോവളം ഉദയ് സമുദ്രയിൽ നടന്ന ചടങ്ങിൽ ഗോവ ചെയർമാനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോസ് മാനുവൽ നൊറോൻഹ, യു.പി.എസ്.സി ചെയർമാൻ മനോജ് സോണി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കേരള പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ സക്കീർ സ്വാഗതവും കേരള പി.എസ്.സി മെമ്പർ ആർ. പാർവതി ദേവി കൃതജ്ഞതയും രേഖപ്പെടുത്തി.

Leave Comment