വാഷിങ്ടന്‍: കോവിഡ് 19 മഹാമാരിയില്‍ നിന്ന് അമേരിക്ക മുക്തമായെന്നു പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ ഓഫിസറും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫഷ്യസ് ഡിസീസ് ഡയറക്ടറുമായ ആന്റണി ഫൗച്ചി പറഞ്ഞു.
ലക്ഷകണക്കിനാളുകള്‍ ദിനംപ്രതി ആശുപത്രിയില്‍ അഭയം തേടുകയും പതിനായിരങ്ങള്‍ മരിക്കുകയും ചെയ്തിരുന്ന സാഹചര്യത്തില്‍ നിന്ന് അമേരിക്ക പൂര്‍ണ്ണമായും മാറിയെന്നു അഭിമുഖത്തില്‍ ഫൗച്ചി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ടു മാസമായി കോവിഡ് കേസുകള്‍ പരിമിതമായിരിക്കുകയാണെന്നും ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ഫൗച്ചി ചൂണ്ടിക്കാട്ടി.
കോറോണ വൈറസ് പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ഫൗച്ചി അഭ്യര്‍ഥിച്ചു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അമേരിക്കന്‍ ജനതയുടെ നല്ലൊരു ശതമാനത്തിനും ഇതിനകം തന്നെ കൊറോണ വൈറസ് വന്നിട്ടുണ്ടാകാമെന്നും അവരുടെ രക്തത്തില്‍ ആന്റി ബോഡിസ് ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഫൗച്ചി പറഞ്ഞു. എന്നാല്‍ ഇതു ദീര്‍ഘകാലത്തേക്കു നിലനില്‍ക്കുമെന്ന് ഉറപ്പില്ല. അതുകൊണ്ടു തന്നെ ജനങ്ങള്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്നും കഴിവതും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വയം സ്വീകരിക്കണമെന്നും ഫൗച്ച് നിര്‍ദേശിച്ചു. ഭാവിയില്‍ കൊറോണ വൈറസിനേക്കാള്‍ മാരകമായ വൈറസുകള്‍ പ്രത്യക്ഷപ്പെട്ടു കൂടെ എന്ന് ചിന്തിക്കുന്നത് ഉചിതമാണെന്നും ഫൗച്ചി മുന്നറിയിപ്പു നല്‍കി.