എല്ലാ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും : മന്ത്രി ജെ. ചിഞ്ചുറാണി

Spread the love

എല്ലാ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര മേഖലയിലെ കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവ് കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഈ മേഖലയെ ആശ്രയിക്കുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്നും മന്ത്രി പറഞ്ഞു. ഓരോ വീട്ടിലും പോത്തു വളര്‍ത്തലിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇറച്ചി ഉത്പന്നങ്ങള്‍ കൂടുതല്‍ ഉല്പാദിപ്പിച്ച് ഇതരസംസ്ഥാനങ്ങളിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ചെറുപ്പക്കാര്‍ മൃഗസംരക്ഷണമേഖലയില്‍ തൊഴിലിടങ്ങള്‍ കണ്ടെത്തുന്നതിലൂടെ മേഖല ശക്തിപ്പെടുന്നു.

ക്ഷീരമേഖലയ്ക്കൊപ്പം മൃഗസംരക്ഷണ മേഖലകളിലും സബ്സിഡിയോടെ ആവശ്യമായ കൈത്താങ്ങ് വകുപ്പിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. കേരളത്തില്‍ 30 ലക്ഷത്തോളം പശുക്കളാണ് ഉള്ളത്. ഒരു ലക്ഷം പശുക്കള്‍ക്ക് ഒരു ആംബുലന്‍സ് എന്ന രീതിയില്‍ ആദ്യഘട്ടമായി 29 ആംബുലന്‍സാണ് പുറത്തിറക്കുന്നത്. ഒരു കോടിയുടെ പദ്ധതിയാണിത്. മൃഗങ്ങളുടെ രോഗാവസ്ഥയില്‍ ആവശ്യമായ ഓപ്പറേഷന്‍, എക്സ്‌റേ അടക്കമുള്ള ചികിത്സയ്ക്ക് സഹായകരമായ ഈ വാഹനം ഓരോ കര്‍ഷകരുടെയും വീട്ടുമുറ്റത്തേക്ക് എത്തത്തക്ക രീതിയിലുള്ള ക്രമീകരണമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സാധാരണ മനുഷ്യര്‍ക്ക് നിത്യ വരുമാനം നല്‍കുന്ന മൃഗസംരക്ഷണ മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൂടി എത്തണമെങ്കില്‍ ഒരു നല്ല മൃഗാശുപത്രി അത്യന്താപേക്ഷിതമാണ്. ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ പത്ത് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതമായ ഒരു ലക്ഷം രൂപയും ചേര്‍ത്താണ് കോട്ടാങ്ങലില്‍ മൃഗാശുപത്രി നിര്‍മിച്ചതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിമി ലിറ്റി കൈപ്പള്ളില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി രാജു, ഈപ്പന്‍ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് ജമീല ബീവി, കോട്ടാങ്ങല്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എ. സുമയ്യ എന്നിവരെ കൂടാതെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *