നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ പുതുതായി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ കേരളത്തിന്റെ തൊഴിൽ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. മൗലികമായി മനുഷ്യന് ആവശ്യമുള്ളതെല്ലാം നിർവഹിക്കുന്നതിൽ രാജ്യത്തിനു മാതൃകയാകാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും തൊഴില്ലായ്മകൂടി പരിഹരിക്കപ്പെടുന്നതോടെ ലോകത്തെ വികസിത നാടുകൾക്കൊപ്പം നിൽക്കാൻ കഴിയുന്ന നിലയിലേക്കു സംസ്ഥാനം മാറുമെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതലത്തിൽ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തു ലക്ഷക്കണക്കിനു പേർ എംപ്ലോയ്മെന്റ് എസ്‌ക്ചേഞ്ചുകളിൽ പേരു രജിസ്റ്റർ ചെയ്തു ജോലിക്കായി കാത്തിരിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു പരിഹാരമായാണ് അഞ്ചു വർഷംകൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യർക്കു തൊഴിൽ നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ഒരു വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ എന്ന ലക്ഷ്യം യാഥാർഥ്യമാകുന്നതോടെ ലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സുസ്ഥിരമായ തൊഴിൽ സാഹചര്യമാകണം ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടേണ്ടത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതിയ സംരംഭങ്ങൾ സംസ്ഥാനത്ത് ഉടൻ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ തയാറായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 1000 ജനസംഖ്യയ്ക്ക് അഞ്ച് എന്ന രീതിയിൽ പുതിയ തൊഴിൽദാതാവായി പ്രവർത്തിക്കണം. ഇവയെല്ലാം പ്രാവർത്തികമാകുന്നതോടെ സംസ്ഥാനത്തെ തൊഴില്ലായ്മ പൂർണമായി ഇല്ലാതാക്കപ്പെടും.
പള്ളിച്ചൽ രമ്യ കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൻ രാധാകൃഷ്ണൻ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി. മല്ലിക, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ജെ. മനോജ്, വാർഡ് മെമ്പർ എസ്.ആർ. അനുശ്രീ, വ്യവസായ – വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, അഡിഷണൽ ഡയറക്ടർ കെ. സുധീർ തുടങ്ങിയവർ പങ്കെടുത്തു.