കൊച്ചി: വന്യമൃഗങ്ങളെ നാട്ടിലിറക്കി കര്‍ഷകരെയും പ്രദേശവാസികളെയും കുരുതി കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപലപനീയമാണന്നും, ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന വന്യജീവികളെ നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്കുന്ന കേന്ദ്ര നയം നടപ്പിലാക്കണമെന്നും ഇന്‍ഫാം നേതൃസമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭമുള്‍പ്പെടെ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുവാന്‍ ചേര്‍ന്ന ഇന്‍ഫാം സംസ്ഥാനതല നേതൃസമ്മേളനമാണ് സര്‍ക്കാര്‍ നയത്തെ അപലപിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇത് അസാധ്യമാണെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. വനംവകുപ്പും ജനപ്രതിനിധികളും കര്‍ഷകരെ ഇനിയും വിഡ്ഢികളാക്കാമെന്ന് കരുതരുത്. നടപടികള്‍ അനുകൂലമായില്ലെങ്കില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ സംഘടിതരായി ഇതിനെതിരേ തിരിയേണ്ട സമയം അതിക്രമിച്ചതായും സമ്മേളനം അഭിപ്രായപ്പെട്ടു.കര്‍ഷക സംരക്ഷണത്തിനായി ക്രമാതീതമായി പെരുകുന്ന വന്യ ജീവികളെ നിര്‍മാര്‍ജനം ചെയ്യണമെന്ന ഗാഡ്ഗിലിന്റെ അഭിപ്രായം മുഖവിലയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വന്യ ജീവികള്‍ക്കായി വിദേശ സാമ്പത്തിക ഏജന്‍സികളില്‍ നിന്ന് വനം വകുപ്പ് സ്വീകരിക്കുന്ന സാമ്പത്തിക സഹായത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.മൈതീന്‍ ഹാജി,ജോയി തെങ്ങും കുടിയില്‍, കെ.എസ് മാത്യു, ജോയി പള്ളി വാതുക്കല്, റോയി വള്ളമറ്റം, സണ്ണി അരഞ്ഞാണി, തുടങ്ങിയവര്‍ നേതൃത്വം നല്കി.
യോഗത്തോടനുബന്ധിച്ച് സഭയുടെ ഇടവക ശുശ്രൂഷാരംഗത്ത് സമര്‍പ്പിതസേവനം ചെയ്ത് 75 വയസ്സ് പൂര്‍ത്തിയാക്കിയ ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിള്ളിയെ സംസ്ഥാന സമിതി ആദരിച്ചു.
ഇന്‍ഫാം സംസ്ഥാനതല നേതൃസമ്മേളനം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ: ഫാ. ജോസ് തറപ്പേല്‍
പ്രസിഡന്റ്
7306772619