പാചകവാതക സിലണ്ടറിന്റെ വില അമ്പത് രൂപ വീണ്ടും വര്‍ധിപ്പിച്ചത് സാധാരണ ജനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാരും നടത്തുന്ന പിടിച്ചുപറിയാണിത്. ഇതുകാരണം സാധാരണക്കാരന്റെ അടുക്കളകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ജനങ്ങളുടെ ജീവിത ചെലവ് വര്‍ധിച്ചു. നികുതി ഭീകരതയാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളത്. സാധാരണക്കാര്‍ ഒരു ദിവസം കഠിനാധ്വാനം ചെയ്ത്
സമ്പാദിക്കുന്ന പണം വിവിധ നികുതികളിലൂടെ തിരിച്ചുപിടിക്കുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. തൊഴിലും വരുമാനമില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിലാക്കി. വാണിജ്യ സിലണ്ടറിനും തുടര്‍ച്ചയായി വിലവര്‍ധിപ്പിച്ചത് ഹോട്ടല്‍ ഭക്ഷണവിലയെയും കാര്യമായി ബാധിച്ചു.ജനങ്ങളുടെ ജീവിതം അനുദിനം ദുരിതത്തിലാകുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിനെ കുറിച്ച് ഒരു ഉത്കണ്ഠയുമില്ല.
ലോകത്ത് ഒരു രാജ്യത്തും ഇല്ലാത്ത ഇന്ധനവിലയാണ് നമ്മുടെ നാട്ടില്‍. ജനങ്ങളെ പണം ഉണ്ടാക്കാനുള്ള കറവ പശുവിനെപ്പോലെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണുന്നത്. പെട്രോള്‍-ഡീസല്‍ വില നൂറുകടന്നിട്ട് നാളേറയായി.നികുതിക്കൊള്ളയാണ് ഇതിന് കാരണം. അതില്‍ ഇളവ് വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ രണ്ടു സര്‍ക്കാരുകളും തയ്യാറാകുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരേ പ്രതിഷേധിക്കുന്ന ഇടതുസര്‍ക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നതിന് ആനുപാതികമായി സംസ്ഥാനത്തിന് അധിക നികുതി ലഭിക്കുന്നു. ആ അധിക നികുതി വേണ്ടെന്ന് വെയ്ക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല.സംസ്ഥാനം വില വര്‍ധിപ്പിക്കാത്തതിനാല്‍ ഇന്ധനവില കുറയ്ക്കില്ലെന്ന വിചിത്രവാദം ഉയര്‍ത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് കേരള സര്‍ക്കാര്‍.നികുതി ഭാരം ഉയര്‍ത്തി ജനങ്ങളുടെ നടുവൊടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരായ ഹിതപരിശോധനയും ജനവിധിയും ആയിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും സുധാകരന്‍ പറഞ്ഞു.