കാസറഗോഡ്: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അണിനിരന്ന സ്റ്റാളുകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്തു. ഗവണ്മെന്റ് സ്റ്റാളുകളില്‍ അക്ഷയ ഐടി മിഷന് സ്റ്റാള്‍ ഒന്നാം സ്ഥാനം നേടി. ഫയര്‍ ആന്‍ഡ് റെസ്ക്യു, കേരള പോലീസ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കവച്ചു. കൊമേഴ്സ്യല്‍ സ്റ്റാളുകളില്‍ കുടുംബശ്രീ ഒന്നും, പയ്യന്നൂര്‍ ഖാദി ബോര്‍ഡ് രണ്ടും, കാസര്‍കോട് സാരീസ്, കേരള ദിനേശ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി, കോവിഡ് പ്രതിരോധ സ്മരണയില്‍ പ്രത്യേക സ്റ്റാള്‍ ഒരുക്കിയ ചിത്രകാരന് മധു ചീമേനിക്ക് പ്രത്യേക ഉപഹാരം നല്കി. മികച്ച പ്രസന്റേഷനുള്ള പുരസ്കാരം കൃഷി വകുപ്പും, മികച്ച സേവനത്തിനുള്ള പുരസ്കാരം ആരോഗ്യവകുപ്പ് നേടി. മികച്ച ബോധവത്കരണത്തിനുള്ള പുരസ്കാരം വനിതാ ശിശുവികസന വകുപ്പ് നേടി. മികച്ച ഇന്ററാക്ഷനുള്ള സമ്മാനം വിദ്യാഭ്യാസ വകുപ്പും, മികച്ച ഡിസൈനുള്ള സമ്മാനം പിഡബ്ല്യുഡിയും കരസ്ഥമാക്കി. തത്സമയ പ്രദര്‍ശനത്തിനുള്ള സമ്മാനം വാണിജ്യ വ്യവസായ വകുപ്പും സ്വന്തമാക്കി. മികച്ച തീം പവലിയന് ആയി ടൂറിസം വകുപ്പ് പവലിയന് തെരഞ്ഞെടുക്കപ്പെട്ടു. മേളയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഏര്‍പ്പെടുത്തിയ ക്യൂആര്‍ കോഡ് വോട്ടിംഗ് സംവിധാനത്തിലൂടെ ജനപ്രിയ സ്റ്റാളായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ സ്റ്റാളിനുള്ള പുരസ്കാരവും വിതരണം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ്, ആയുഷ്, ഹോമിയോ, രജിസ്ട്രേഷന് വകുപ്പ്, വനം, വന്യജീവി വകുപ്പ്, കെഎസ്ഇബി, സിവില്‍ സപ്ലൈസ് വകുപ്പ്, ഫിഷറീസ് വകുപ്പ്, ലാന്‍ഡ് സര്‍വെ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, എക്സൈസ് വകുപ്പ്, ഗവണ്മെന്റ് പോളിടെക്നിക്ക് പെരിയ, എല്‍ബിഎസ് എന്‍ജിനിയറിംഗ് കോളജ് എന്നിവരുടെ സ്റ്റാളുകള്‍ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.