മുട്ടകളുടെ വൈവിധ്യവുമായി മൃഗസംരക്ഷണ വകുപ്പ്

വിവിധതരം പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനവും വിപണവുമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്നു. ഒട്ടകപക്ഷി മുതല്‍ കാട വരെയുള്ള പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനം കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. വിവിധയിനം താറാവുകളുടെയും കോഴികളുടെയും മുട്ടകളും ഇവിടുണ്ട്. ഇന്‍ക്യുബേറ്ററിന്റെ പ്രവര്‍ത്തനവും നേരിട്ട് മനസിലാക്കാനാവും. പ്രധാന പവലിയന് അകത്ത് ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ ലഘു ലേഖകളും വിതരണം ചെയ്യുന്നുണ്ട്.

പ്രധാന പവലിയനു പുറത്തായി ഒരുക്കിയിരിക്കുന്ന കൃത്രിമ തടാകമാണ് മേളയിലെ മറ്റൊരാകര്‍ഷണം. തടാകത്തില്‍ വിവിധ ഇനത്തിലുള്ള താറാവുകളുടെ പ്രദര്‍ശനമാണുള്ളത്. വിഗോവ സൂപ്പര്‍ എം, ചാര, ചെമ്പല്ലി, സ്‌നോ വൈറ്റ് എന്നീ ഇനങ്ങളിലുള്ള താറാവുകളുടെ വിപണനവും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്. തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറില്‍ നിന്നുള്ള താറാവ് കുഞ്ഞുങ്ങളെ ആണ് വില്‍പനക്ക് എത്തിച്ചിട്ടുള്ളത്. സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുളള ഇലക്ട്രിക് ബ്രുഡര്‍ വഴി ചൂട് താറാവ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

20 രൂപ മുതല്‍ 45 രൂപ വരെ ആണ് ഇവയുടെ വില. ഇന്നലെ പ്രദര്‍ശന നഗരി സന്ദര്‍ശിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും സന്നിഹിതയായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അജിലാസ്റ്റ് ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Leave Comment