കോവിഡ് സാഹചര്യത്തിലും ആശുപത്രി വികസനത്തിന് വലിയ പ്രാധാന്യം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

Spread the love

കോവിഡ് സാഹചര്യത്തിലും ആശുപത്രികളുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ചത്. ഇതിനായി പ്രത്യേക യജ്ഞങ്ങള്‍ നടത്തി. സുപ്രീം കോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഓണ്‍ലൈന്‍ വഴി സുതാര്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ഇതിനെ സുപ്രീം കോടതി പോലും അഭിനന്ദിച്ചിരുന്നു.

ആരോഗ്യ മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ക്ഷയരോഗ നിര്‍മാര്‍ജനത്തിന് ദേശീയ തലത്തില്‍ കേരളത്തിന് മാത്രമാണ് വെള്ളിമെഡല്‍ പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും പുതിയ പല പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും ചെയ്തു. നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായി 10 പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതില്‍ സുപ്രധാനങ്ങളായ മൂന്ന് പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കാന്‍സര്‍ പ്രതിരോധ പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കും. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയില്‍ നാട്ടിന്‍പുറം ഉള്‍പ്പെടെ പരിശോധനാ സംവിധാനം വര്‍ധിപ്പിക്കും. മനുഷ്യരുടേയും മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്താനാണ് ഏകാരോഗ്യം പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വലിയ ചുവടുവയ്പ്പുകളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഒരുവര്‍ഷം കൊണ്ട് നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍ മന്ത്രി എടുത്തു പറഞ്ഞു.

എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിഷയാവതരണം നടത്തി. ഇ ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടര്‍ കെ. മുഹമ്മദ് വൈ സഫറുള്ള, ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു നന്ദി പറഞ്ഞു.

Author