വികസനത്തിന്റെ ഭാഗമായി ജനങ്ങളെ തെരുവാധാരമാക്കുന്ന സര്‍ക്കാരല്ല കേരളത്തിലേത് : മുഖ്യമന്ത്രി

Spread the love

വികസനത്തിന്റെ ഭാഗമായി ജനങ്ങളെ തെരുവാധാരാമാക്കാന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളതെന്നും വികസന പദ്ധതികള്‍ക്കായി ഭൂമി വിട്ടുനല്‍കുന്ന എല്ലാവര്‍ക്കും സംതൃപ്തി നല്‍കുന്ന പുനരധിവാസ പാക്കേജാണു പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പദ്ധതിയില്‍പ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ 20,808 വീടുകളുടെ താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ പ്രശ്നങ്ങളില്‍ ക്രിയാത്മക നടപടികളാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കാണാതെയുള്ള വികസനമല്ല നടപ്പാക്കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണു ലൈഫ് പദ്ധതി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഇത്തരം പദ്ധതികളുടെ ഗുണഫലം വലിയ തോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 2,95,066 വീടുകള്‍ ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കി. അടുത്ത ഒരു മാസംകൊണ്ടുതന്നെ ഇതു മൂന്നു ലക്ഷം കടക്കും. ലൈഫ് പദ്ധതിയിലെ ഓരോ വീടും പൂര്‍ത്തിയാകുന്നതു നാടിനു നല്‍കുന്ന സന്തോഷം വലുതാണ്. സ്വന്തമായി വീടില്ലാതിരുന്ന മൂന്നു ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ അന്തിയുറങ്ങുന്നതിന്റെ സന്തോഷത്തിലാണ്. സ്വന്തം വീട് എന്നതു ജീവിതത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്വപ്നമെന്നു കരുതിയിരുന്നവര്‍പോലുമുണ്ട് ഇക്കൂട്ടത്തില്‍. ഇവരില്‍നിന്നുയരുന്ന ആത്മവിശ്വാസം സമൂഹത്തിനു വലിയ ഉണര്‍വാണു നല്‍കുന്നത്. കഠിനംകുളം വെട്ടുതുറയിലെ ഐഷാ ബീവിയുടേയും അമറുദ്ദീന്റെയും രണ്ടു മക്കളുടേയും വീടിന്റെ താക്കോല്‍ കൈമാറിയപ്പോള്‍ അവരുടെ കണ്ണുകളില്‍ ഈ തിളക്കം കാണാന്‍ കഴിഞ്ഞു. നല്ലൊരു വീട്ടില്‍ താമസിക്കാന്‍ കഴിയുമ്പോഴുണ്ടാകുന്ന പ്രസരിപ്പാണത്. ഇത് ഒരു കുടുംബത്തിനു മാത്രമുണ്ടാകുന്നതല്ല, മൂന്നു ലക്ഷത്തോളം കുടുംബങ്ങളുടെ മനസാണ് ഈ മുഖങ്ങളിലൂടെ പ്രതിഫലിക്കുന്നത്. ലൈഫ് പദ്ധതിയിലെ ആദ്യ ഗുണഭോക്തൃ പട്ടിക പൂര്‍ത്തിയാക്കുന്നതോടെ പുതിയ കുടുംബങ്ങള്‍ക്കു വീടു നല്‍കാനുള്ള പദ്ധതിയിലേക്കു കടക്കും. അതിന്റെ ഗുണഭോക്തൃ പട്ടിക അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലാണ്. നാടിന്റെ സഹകരണം ഇത്തരം കാര്യങ്ങളില്‍ ഉണ്ടാകുകയെന്നതു പ്രധാനമാണ്. ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഭൂമി കുറവു മതിയെങ്കിലും വലിയ ചെലവാണുണ്ടാകുന്നത്. ഇതു മുന്‍നിര്‍ത്തിയാണ് ഓരോ കുടുംബത്തിനും സ്വന്തമായ വീട് എന്നതിനു മുന്‍ഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായാണു മനസോടിത്തിരി മണ്ണ് എന്ന പദ്ധതി സംസ്ഥാനത്ത് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ഇതിനോടു വലിയ പ്രതികരണമാണു ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമിയില്‍ സമയബന്ധിതമായി വീടുകള്‍ നിര്‍മിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനുള്ള സത്വര നടപടികള്‍ ഉടനുണ്ടാകും. പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനു കൂടുതല്‍ ഭൂമി ആവശ്യമുള്ളതിനാല്‍ കൂടുതല്‍ പേര്‍ പദ്ധതിയുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കേരളത്തിലെ പാര്‍പ്പിട സൗകര്യങ്ങള്‍ വര്‍ധിക്കുന്നതും പാവപ്പെട്ടവര്‍ക്കു വീടില്ലാത്ത അവസ്ഥയ്ക്കു പരിഹാരം കാണുന്നതും വികസനത്തിന്റെ ഭാഗമായി കാണാത്തവരുണ്ട്. ഇതു വികസനത്തിന്റെ സൂചികതന്നെയാണ്. വികസനത്തിന്റെ സ്വാദ് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം മാത്രം അനുഭവിച്ചാല്‍പോര. നാട്ടിലെ എല്ലാവര്‍ക്കും അത് അനുഭവിക്കാനാകണം. സര്‍വതലസ്പര്‍ശിയും സാമൂഹിക നീതിയിലധിഷ്ഠിതവുമായി വികസനം സാധ്യമാകുന്നത് അപ്പോഴാണ്. ഇതിനൊപ്പം വന്‍കിട, ചെറുകിട പദ്ധതികള്‍ പശ്ചാത്തല സൗകര്യ വികസന മേഖലയില്‍ നടക്കുകയും ചെയ്യണം. നടക്കില്ലെന്നു കരുതിയ പല പദ്ധതികളും ഇപ്പോള്‍ യാഥാര്‍ഥ്യമായി നമ്മുടെ കണ്‍മുന്നിലുണ്ട്. ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ദേശീയപാത വികസനത്തിനു കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ഥലമേറ്റെടുപ്പിന്റെ വേണ്ടിവന്നു. സ്ഥലമെടുത്തതിന്റെ പേരില്‍ ആരും വഴിയാധാരമായിട്ടില്ല. സ്ഥലമേറ്റെടുപ്പിന്റെ ആനുകൂല്യങ്ങളില്‍ ആരും ദുഃഖിതരല്ല, എല്ലാവരും സന്തുഷ്ടരാണ്. അത്ര വലിയ തുകയാണു നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുന്നത്. കൂടുതല്‍ സൗകര്യത്തോടെ, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നുവെന്നതാണു സ്ഥലം വിട്ടുനല്‍കിയവരുടെ അനുഭവം. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടിവന്നാല്‍ കഷ്ടനഷ്ടം അനുഭവിക്കേണ്ടിവരില്ലെന്നതു നാടിന്റെ അനുഭവമായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് രണ്ടാം ഘട്ടത്തിന്റെ ഗുണഭോക്തൃ പട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വംയഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ലൈഫ് ഗുണഭോക്താക്കളില്‍ സര്‍ക്കാരുമായി കരാര്‍ പൂര്‍ത്തിയാക്കാനുള്ളവരെ വീടുകളിലെത്തി പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന വിപുലമായ നടപടിക്കു സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കഠിനംകുളം വെട്ടുതുറയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി.

Author