വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചുറ്റുപാടുമുള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താതെ മനുഷ്യന്റെ ഉപജീവനം അസാധ്യമാണെന്നും മനുഷ്യ പരിണാമത്തിന്റെയും വികസത്തിന്റെയും ചരിത്രം ഇതു വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി പുനഃസ്ഥാപനം സംബന്ധിച്ചു വനംവകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉയർന്ന ജനസാന്ദ്രതയും ജീവിത നിലവാരവുമുള്ള കേരളം പോലൊരു സംസ്ഥാനത്തിന്, വികസന പദ്ധതികൾക്കൊപ്പം ജലസുരക്ഷ, പാരിസ്ഥിതിക സ്ഥിരത, സുസ്ഥിര വികസനം എന്നിവയും അവിഭാജ്യ ഘടകങ്ങളാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റം നടത്താൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. വനം കയ്യേറ്റം തടയാൻ സംസ്ഥാനത്തെ മുഴുവൻ വനമേഖലയുടേയും സർവേ നടത്തി സ്ഥിരമായ വേലികെട്ടി അതിർത്തി നിർണയിച്ചു.319.504 ഹെക്ടർ വനഭൂമി നിർദിഷ്ട റിസർവ് വനമായി വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചു. സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി, സ്‌കൂളുകൾ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും 271.45 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്തു. കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നവർക്ക് ഏക്കറിനു 4,000 രൂപയുടെ സഹായം നൽകുന്നുണ്ട്. ഇത്തരം ഇടപെടലുകളുടെ ഫലമായി സംസ്ഥാനത്തിന്റെ വനവിസ്തൃതി 2017ലെ 20,321 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 2021 ൽ 21,253.49 ച.കി.മീ. ആയി വർധിച്ചു.മൊത്തം വിസ്തൃതി 51.55 ശതമാനത്തിൽ നിന്ന് 54.70 ശതമാനം ആയും വളർന്നു.ജലാശയങ്ങൾ വൃത്തിയാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും കൃഷിയോഗ്യമായ ഭൂമി വീണ്ടെടുക്കുന്നതിനും തരിശുനിലങ്ങളിൽ കൃഷി ആരംഭിക്കുന്നതിനുമുള്ള പ്രത്യേക ഇടപെടലായാണു ഹരിതകേരളം മിഷൻ വിഭാവനം ചെയ്തു നടപ്പാക്കിയത്. ഇതിലൂടെ 412 കിലോമീറ്റർ നദികളും 45,736 കിലോമീറ്റർ തോടുകളും പുനരുജ്ജീവിപ്പിച്ചു. 64,950 കിണറുകൾ റീചാർജ് ചെയ്തു. 26,259 കുളങ്ങൾ നവീകരിച്ചു. ജൈവവൈവിധ്യം ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം 1,686 പച്ചത്തുരുത്തുകൾ സ്ഥാപിച്ചു. 2018ലെ നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയും ഈ സർക്കാർ കൊണ്ടുവന്ന പരിസ്ഥിതി പുനരുദ്ധാരണ നയവും ഈ മേഖലയിലെ സുപ്രധാന ഇടപെടലുകളാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പാരിസ്ഥിതിക, ജലസുരക്ഷ മുൻനിർത്തി പരിസ്ഥിതി പുനഃസ്ഥാപന പ്രക്രിയകൾ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 1950കൾ മുതൽ 1980കളുടെ തുടക്കം വരെ ജൈവസമ്പന്നമായിരുന്ന സ്വാഭാവിക വനങ്ങൾ വെട്ടിത്തെളിച്ച് യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ വിദേശ ഏകവിളത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഏതാണ്ട് 27,000 ത്തോളം ഹെക്ടർ വിദേശ ഏകവിളത്തോട്ടങ്ങളും 90,000 ത്തോളം ഹെക്ടർ തേക്ക് തോട്ടങ്ങളുമാണ് കേരളത്തിന്റെ വനഭൂമിയിൽ ഇപ്പോൾ നിലവിലുള്ളത്.കേരളത്തിന്റെ മണ്ണിന് അനുയോജ്യമല്ലാത്ത സസ്യങ്ങളുടെ കടന്നുകയറ്റം സ്വാഭാവിക വനങ്ങളുടെ ശോഷണത്തിനു കാരണമായിട്ടുണ്ട്. ഇതുമൂലം വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ശോഷണം സംഭവിക്കുകയും, ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഭക്ഷണാവശ്യങ്ങൾക്കായി ആശ്രയിക്കാൻ വന്യമൃഗങ്ങൾ പ്രേരിതരാകുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ഇതു വന്യജീവി ശല്യത്തിന് ആക്കം കൂട്ടുന്നതായി ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. അധിനിവേശ സസ്യ-ജന്തുജാലങ്ങൾ കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്കു ഗുരുതര കോട്ടം വരുത്തിയിട്ടുണ്ടെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരം അധിനിവേശ സസ്യ-ജന്തുജാലങ്ങളെ നിർമാർജനം ചെയ്യേണ്ടത് അനിവാര്യമാണ്.സംസ്ഥാനത്തെ സ്വാഭാവിക വനങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പുനഃസ്ഥാപനം എന്ന നയരേഖക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോഴുള്ള വനമേഖല 11,521.813 ചതുരശ്ര കിലോമീറ്റർ ആണ്. ഇതു സംസ്ഥാനത്തിന്റെ ആകെ വിസ്തീർണത്തിന്റെ 29.65 ശതമാനമാണ്. ദേശീയ വനനയം അനുശാസിക്കുന്ന 33 ശതമാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി 7,211 ഹെക്ടർ യുക്കാലിപ്റ്റസ് തോട്ടങ്ങളെയും 7,342 ഏക്കർ അക്വേഷ്യ തോട്ടങ്ങളെയും 2,843 ഹെക്ടർ മാഞ്ചിയം തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കി പരിവർത്തിപ്പിക്കേണ്ടതുണ്ടെന്നാണ് 13-ാം പഞ്ചവത്സര പദ്ധതിയിൽ കണക്കാക്കിയത്. തിരുവനന്തപുരം, അച്ചൻകോവിൽ, തെൻമല, മറയൂർ, ചാലക്കുടി, പാലക്കാട് എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്.