അഞ്ചു ലക്ഷം ഡോളർ വിലമതിക്കുന്ന വീട്. അര ലക്ഷം ഡോളർ വീതം വിലയുള്ള രണ്ടു കാർ .ലക്ഷക്കണക്കിന് ഡോളർ ബാങ്കിൽ ഡെപ്പോസിറ്റ്, ഓഹരിവിപണിനിക്ഷേപം, റിട്ടയർമെൻറ് ഫണ്ട് തുടങ്ങിയവയിൽ ലക്ഷക്കണക്കിന് ഡോളർ. സോഷ്യൽ സെക്യൂരിറ്റി ഇനത്തിൽ ഗവൺമെൻറ് നിന്നും ലഭിക്കുന്ന തുക വേറെയും.ഏകദേശം അഞ്ചു ദശാബ്ദങ്ങൾക്ക് മുൻപ് അമേരിക്കയിലെത്തിയ ദമ്പതിമാരുടെ വിയർപ്പ് രക്തമാക്കി ഉണ്ടാക്കിയ സമ്പാദ്യം
സപ്തതി ആഘോഷിച്ചു ആറു വര്ഷം പിന്നിട്ട കുടുംബനാഥൻ . സപ്‌തതതിക് ചില മാസങ്ങൾക്കു കൂടി കാത്തിരിക്കുന്ന കുടുംബനാഥ. രോഗങ്ങളുടെ പെരുപ്പം നിമിത്തം ഇരുവരും ശാരീരികമായി ക്ഷീണിതരാണ് .അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങു. രണ്ടുപേരുടെയും കൈവശം ചെറിയ ഒരു ബാഗ് ഉണ്ട് മൂന്നുനേരവും കഴിക്കുന്ന oഭക്ഷണത്തിന് തുല്യമായി മരുന്നുകൾ സൂക്ഷിക്കുന്ന ബാഗാണിത് .വീട്ടിൽ ഇരിക്കുമ്പോഴും പുറത്തു പോകുമ്പോഴും ജീവൻ നിലനിർത്തുന്നത് ഈ ബാഗാണ്. വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നത് എന്നെ നിർത്തിയിരിക്കുന്നു. സമീപത്തുള്ള റസ്റോറന്റുകളിൽ എവിടെയാണോ വില കുറഞ്ഞ ഭക്ഷണസാധനങ്ങൾ ലഭിക്കുക അവിടെ ഓർഡർ നൽകി വാങ്ങി കഴിക്കുന്നതാണ് ശീലം .രാവിലെ എഴുന്നേറ്റാൽ വീട്ടുമുറ്റത്ത് സൗജന്യമായി കൊണ്ടിരുന്ന പത്രത്തിൻറെ കോപ്പിയെടുത്ത് കൊണ്ടുവരും .സെയിൽ എവിടെയാണെന്നാണ് ആദ്യം നോക്കുക. തുടർന്ന് ഏറിയ സമയവും ടിവിയുടെ മുൻപിൽ.പ്രഭാതഭക്ഷണം എന്നുപറയുന്നത് മൈക്രോവേവിൽ തിളപ്പിച്ച വെള്ളത്തിൽ മധുരവും പാലും ചേർക്കാതെ അല്പം കാപ്പിപ്പൊടി ചേർത്തുണ്ടാക്കുന്ന കാപ്പിയും ഫ്രിഡ്ജിൽ നിന്നും എടുത്ത ദിവസങ്ങൾ പഴക്കമുള്ള ഡോണറ്റും . ഉച്ചയ്ക്കു ഭക്ഷണം മുൻപ് സൂചിപ്പിച്ചതുപോലെ ഹോട്ടലിൽ നിന്നും .വൈകീട്ട് ചിലപ്പോഴെങ്കിലും വീട്ടിൽ പാകംചെയ്താൽ ഭാഗ്യമെന്നേ പറയേണ്ടു .
ഞായറാഴ്ച ആയാൽ ഭക്തി മാർഗത്തിൽ. രാവിലെ അന്തരീക്ഷം എല്ലാം പരിശോധിച്ചു പത്തു മണികാരംഭിക്കുന്ന ശുശ്രൂഷയിൽ പത്തരയോടെ എത്തിച്ചേരും. മിക്കവാറും ഞായറാഴ്ചകളിൽ ശുശ്രൂഷയ്ക്കുശേഷം പള്ളിയിൽ തന്നെ ഭക്ഷണം ഉണ്ടായിരിക്കും .അതിൽ പങ്കെടുത്തേ വീട്ടിലേക്ക് തിരിച്ചു പോകാറുള്ളൂ. ഇവിടെയും ഒരു പ്രത്യേകതയുണ്ട് അന്ന് ഒരുക്കിയിരിക്കുന്ന ഭക്ഷണത്തിനു സംഭാവനയായി എന്തെങ്കിലും നൽകണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നറിഞ്ഞാൽ കഴിവതും ഭക്ഷണം കഴിക്കാതെ സ്ഥലം വിടും. വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ പള്ളി ആരാധന തന്നെ വേണ്ടെന്നു വയ്ക്കുകയാണ് പതിവ്
അമ്പതു വർഷങ്ങൾക്ക് മുൻപാണ് അമേരിക്കയിലെത്തിയതെന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഭർത്താവാണ് ആദ്യം അമേരിക്കയിലെത്തിയത് .തരക്കേടില്ലാത്ത നല്ലൊരു ജോലിയും ഉണ്ടായിരുന്നു.വിവാഹാലോചനകൾ വന്നപ്പോൾ അത്ര സുന്ദരനോ സുമുഖനോയല്ലാതിരുന്ന ഒരു പുരുഷനെ ഭർത്താവായി സ്വീകരിക്കാൻ അമേരിക്കയിലുള്ള നഴ്സുമാരോ ,ഉയർന്ന ജോലിയുള്ള സ്ത്രീകളോ ആരും തന്നെ തെയ്യാറില്ലായിരുന്നു .ഒടുവിൽ നാട്ടിലെ ഒരു പാവപ്പെട്ട വീട്ടിൽ നിന്നും സുന്ദരിയായ നഴ്സിനെ അമേരിക്കക്കാരൻ എന്ന ലേബലിൽ വിവാഹം കഴിച്ച് ഇവിടേക്ക് കൊണ്ടുവന്നു. പെട്ടെന്ന് ഗ്രീൻകാർഡെല്ലാം സംഘടിപ്പിച്ചു .പിന്നെ ആർ എൻ പരീക്ഷ പാസ്സാകുന്നതിനുള്ള തത്രപ്പാടായിരുന്നു .
ഇന്നത്തെ പോലെ ആദ്യകാലങ്ങളിൽ ആർ എൻ പരീക്ഷ പാസ്സാകുകയെന്നത് അത്ര പ്രയാസമേറിയതായിരുന്നില്ല. പരീക്ഷയ്ക്ക് മുൻപ് ചോദ്യങ്ങളെല്ലാം ലഭിച്ചതിനാൽ പരീക്ഷ എളുപ്പം പാസായി.
അന്നുമുതൽ ആരംഭിച്ചതാണ് നോൺ സ്റ്റോപ്പ് നഴ്സിംഗ് ജോലി .ഭർത്താവിനു പുറമെ ഭാര്യക്കും നല്ല ജോലി ലഭിച്ചതോടെ സമ്പാദ്യവും വർധിച്ചു. രണ്ടു വർഷത്തിനുള്ളിൽ ആദ്യ മകൻ ജനിച്ചു. മൂന്നു വർഷങ്ങൾക്കുശേഷമാണ് മകൾ ജനിച്ചത്. കൂടുതൽ സമയം ജോലി ചെയ്തു എങ്ങനെയെങ്കിലും പണം സമ്പാദിക്കുക എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഇരുവരേയും വളർത്തിയെടുത്തതു ഡേ കെയറിലും നഴ്സറിയിലും വിട്ടായിരുന്നു. ഇതിനോടൊപ്പം മാതാവിൽ നിന്നും നല്ല ശിക്ഷണവും സ്നേഹവും ലഭിച്ചിരുന്നു.
മക്കൾ വളരുന്നതുവരെ കുടുംബജീവിതം ഒരുവിധം സന്തോഷകരമായിരുന്നു . മക്കളുടെ കോളേജ് വിദ്യാഭ്യാസത്തിനാവശ്യമായേ തുക കണ്ടെത്തുന്നത്ത്തിനു ഭാര്യക്കു രണ്ടും മൂന്നും ജോലികൾ ചെയ്യേണ്ടിവന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ ഇരുവർക്കും കോളേജ് പ്രവേശനം ലഭിച്ചത് വീട്ടിൽ നിന്നും വളരെ അകലെയുള്ള സിറ്റിയിലാണ്.ഇരുവരും പഠനം തുടർന്നത് കോളേജ് ഡോർമുകളിലും ,അപ്പാർട്ട്മെന്റിലും താമസിച്ചാണ്. ഇതോടെ മക്കളിലുള്ള മാതാപിതാക്കളുടെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടുതുടെങ്ങിയിരുന്നു ഒഴിവു ദിവസങ്ങളിൽ പലപ്പോഴും മാതാപിതാക്കളെ സന്ദർശിക്കുന്നതിന് ഇരുവരും വീട്ടിൽ വരുമായിരുന്നു. ഒരൊറ്റ രാത്രി പോലും മാതാപിതാക്കളോടൊപ്പം വീട്ടിൽ കഴിയുവാൻ താല്പര്യമില്ലാത്തതിനാൽ രാത്രി തന്നെ മടങ്ങി പോവുകയാണ് പതിവ്.കോളേജ് വിദ്യാഭ്യാസത്തിനു ശേഷം രണ്ടുപേർക്കും നല്ല ജോലി ലഭിച്ചതോടെ സന്ദർശനം വർഷത്തിൽ മാതൃദിനം ഉൾപ്പെടെ രണ്ടോ മൂന്നോ ദിവസങ്ങളിൽ മാത്രമായി ചുരുക്കി . . ഇതൊക്കെ ഭൂത കാലാനുഭവങ്ങൾ.
മകനു പ്രായം മുപ്പത്തിയാറു കഴിഞ്ഞു വലിയ കമ്പനിയിലെ എക്സിക്യൂട്ടീവ് ആണ് .വിവാഹമേ വേണ്ട എന്ന് പറഞ്ഞു തിരക്കേറിയ സിറ്റിയിലെ ലക്ഷ്വറി അപ്പാർട്ട്മെന്റിൽ സസുഗം കഴിയുന്നു .മകൾ ഒരു യുവാവുമായി എവിടെയോ ജീവിക്കുന്നു .
ഇപ്പോൾ വീട്ടിൽ കഴിയുന്നു ഭർത്താവിൻറെ ഏറ്റവും വലിയ വേവലാതിയെന്നത് ഇതുവരെ സൂക്ഷിച്ചുവച്ചിരിക്കുന്ന കണക്കില്ലാത്ത സമ്പാദ്യം എന്ത് ചെയ്യും എന്നതാണ് . ഒരാൾക്കു ഒരു പെനി പോലും നാളിതുവരെ നിർബന്ധത്താലല്ലാതെ മനസ്സുതുറന്ന് നൽകിയ ചരിത്രമില്ല. മക്കളാണെങ്കിൽ t മാതാപിതാക്കളുടെ സമ്പാദ്യം എത്രയെന്നോ, ,എവിടെയാണെന്നോ ഇതുവരെ അന്വേഷിട്ടില്ല..
ദശാംശം ദൈവത്തിന് നൽകണമെന്നത് കേട്ടുകേൾവിപോലുമില്ലാത്ത ഒന്നായാണ് ഇയാൾ കണക്കാക്കുന്നത് .സുഹൃത്തുക്കളും ബന്ധുജനങ്ങളുമായി നിരവധി പേർ ചുറ്റപാടും താമസിക്കുന്നൂടെങ്കിലും അവരെ ഹൃദയം തുറന്നു സ്നേഹികുന്നതിനോ അവരുടെ ആവശ്യങ്ങളിൽ സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനോ നാളിതുവരെ തയാറായിട്ടില്ല.
തങ്ങളുടെ പ്രായത്തിലുള്ളവർ ലോകത്തിൽനിന്നും ഓരോ ദിവസവും വിട പറയുന്നത് കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു അസ്വസ്‌തത നീറിപുകയുന്നു. .പുറത്തേക്കു വിട്ട് ശ്വാസം അകത്തേക്ക് എടുക്കുവാൻ കഴിയാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല .എങ്ങനെയെങ്കിലും അത് സംഭവിച്ചാൽ ഒരു കാര്യം ഉറപ്പാക്കിയിട്ടുണ്ട് .ഫ്യൂണറൽ നടത്തുന്നതിനുള്ള സ്ഥലവും ശവസംസ്കാരത്തിനുള്ള ചെലവുകളും നേരെത്തെ തന്നെ ഫ്യൂണറൽഹോമിൽ ഏൽപ്പിച്ചിട്ടുണ്ട്. ഒരു സമയത്ത് ഫ്യൂണറൽ ഹോമിൽ ലാൻഡിനു സെയിൽ വന്നപ്പോൾ ആയിരുന്നു ഇതെല്ലാം ശരിയാക്കി വെച്ചതെന്നു രഹസ്യമായ പരസ്യമാണ് .ഇതൊക്കെ ഭർത്താവിൻറെ ഗുണമോ ദുർഗുണമോ ആയി വ്യാഖ്യാനിക്കുമ്പോൾ തന്നെ ഭാര്യയുടെ ജീവിതം സമൂഹത്തിന് ഒരു അനുഗ്രഹമായിരുന്നുവന്നു പറയാതെവയ്യ . കുടുംബ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ആവശ്യങ്ങളിൽ കഴിയുന്നവരെ സഹായിക്കുന്നതിനും ഇവർ പരമാവധി ശ്രമിച്ചിട്ടുണ്ട്.നീറി പുകഞ്ഞിരുന്ന പല കുടുംബ ബന്ധങ്ങളിലേയും അഗ്ന്നി ആളിപടരാതെ ഊതി കെടുത്തുവാൻ ഇവർ നടത്തിയ ആത്മാർത്ഥ ഇടപെടലുകൾ സമൂഹത്തിൻറെ പ്രശംസയും നേടിയടുത്തിരുന്നു.അര നൂറ്റാണ്ടിലധികം നീണ്ടു നിന്ന അമേരിക്കൻ ജീവിതത്തിനിടയിലും ജനിച്ചുവളർന്ന മലയാള സംസ്കാരം പൂർണമായും ഉപേക്ഷികുന്നതിന് ശ്രമിച്ചിട്ടില്ലെന്നത് വലിയൊരു ഭാഗ്യമായി കരുതാം .
മക്കൾ വളർന്നാൽ പിന്നെ അവർ അവരുടെ കാര്യം നോക്കും;നമ്മൾ വേവലാതിപ്പെടേണ്ട എന്നത് ഈ കാലഘട്ടത്തിൽ പ്രസക്തമെങ്കിലും പൂർണ്ണമായും ആ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ മലയാളി മനസിനാകുന്നില്ല . എന്തോ മനസ്സിൽ ഭയപ്പെടുത്തുന്ന അസ്വസ്ഥത.. കൊച്ചു ബാഗിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നിൻറെ പ്രതികരണശേഷി ശരീരത്തിന് നഷ്ടപ്പെടുന്ന കാലം അതിവിദൂരമല്ല എന്നൊരു തോന്നൽ.
പതിവുപോലെ ഈവര്ഷവും രണ്ടു കെട്ടു റോസാ പുഷ്പങ്ങളുമായി മാതൃദിനത്തിൽ മക്കൾ ഒരു എത്തിനോട്ടം നടത്തി സ്ഥലം വിട്ടിരുന്നു. ശരീരവും മനസും ഒരേപോലെ പൂർണ വിശ്രമത്തിൽ ലയിക്കുന്നതിനു മുൻപ് അവർ വീണ്ടും വരുമോ ?ഇനി ഒരിക്കലെങ്കിലും മക്കളെ കാണാൻ കഴിയുമോ? .പ്രതീക്ഷകൾ ഒരിക്കൽ കൂടി പൂവണിയുമോ ? വിശ്വസിക്കുക അസാധ്യം. എതിർ ദിശയിലുള്ള കസേരകളിൽ ഇരുന്ന് പരസ്പരം നോക്കിയിരിക്കുമ്പോൾ ഇരുവരുടെയും കണ്ണുകൾ ജലാശയമായി തീരുന്നതു കാണാമായിരുന്നു.കഴിഞ്ഞ കാല ചെയ്തികൾക്ക് വർത്തമാന കാലത്തിൽ പ്രായശ്ചിത്തം ചെയ്യുന്നതിന് ഇനിയും അവസരം ലഭിക്കുകയില്ലെന്ന കുണ്ഠിതമോ, ഭൂതകാല സ്മരണകൾ ഉളവാകുന്ന കുറ്റബോധമോ,ഭാവിയിൽ ഏത് നിമിഷവും പ്രതീക്ഷിക്കുന്ന കാലന്റെ കാലൊച്ച കാതോർത്തിട്ടോ എന്താണ് നയനങ്ങളെ ജലാശയമായി മാറ്റിയതെന്ന് നിശ്ചയമില്ല .