ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പൊതുഇടങ്ങളില്‍ സൗജന്യ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കും

Spread the love

മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കും: മന്ത്രി ആന്റണി രാജു
വാഹനീയം 2022 പരാതി പരിഹാര അദാലത്ത് നടത്തി

എറണാകുളം: മോട്ടോര്‍ വാഹന വകുപ്പിനു ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കുമെന്നും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം, മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്കു കീഴില്‍ വരുന്ന തൃപ്പൂണിത്തുറ, ആലുവ, നോര്‍ത്ത് പറവൂര്‍, മട്ടാഞ്ചേരി, അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം എന്നീ ഓഫീസുകള്‍ സംയുക്തമായി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈനംദിന ജീവിതവുമായി ഏറെ ബന്ധമുള്ള വകുപ്പാണ് മോട്ടോര്‍ വാഹന വകുപ്പ്. അതിനാല്‍ത്തന്നെ ജനങ്ങളുടെ പരാതികള്‍ എത്രയും വേഗം പരിഹരിച്ചു നല്‍കും. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തും. ഇലക്ട്രിക് വാഹനങ്ങള്‍ക്കു പ്രസക്തിയേറിയ സാഹചര്യത്തില്‍ 5 കോടി രൂപ ചെലവില്‍ ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ പൊതുഇടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇ-ഓട്ടോ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി മുപ്പതിനായിരം രൂപ വീതം സബ്‌സിഡി നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നേത്ര പരിശോധനാഫലം ഡോക്ടര്‍ക്കുതന്നെ പരിവാഹന്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനായി ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങളും കുറ്റകൃത്യങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ചുവരുന്നത്. ഇതുവഴി സുതാര്യവും കാര്യക്ഷമവുമായ നടപടികള്‍ സ്വീകരിക്കാനാകും. ഇതിനായി ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൊച്ചിയില്‍ പ്രവര്‍ത്തനം നിലച്ച ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് പുന:സ്ഥാപിക്കാന്‍ മന്ത്രി ഇടപെടണമെന്ന് ഇരുവരും യോഗത്തില്‍ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്ന ബസുകളെ ബൈപാസ് റൈഡര്‍ ആയി സര്‍വീസ് നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

അദാലത്തിന്റെ ഉദ്ഘാടനചടങ്ങില്‍ എം.എല്‍.എമാരായ കെ.ജെ മാക്‌സി, റോജി എം.ജോണ്‍, എല്‍ദോസ് പി.കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, പി.വി ശ്രീനിജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അദാലത്തില്‍ ഗതാഗത മന്ത്രി പരാതികള്‍ നേരിട്ടു കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത ഫയലുകള്‍, ചെക്ക് റിപ്പോര്‍ട്ടുകള്‍ മുതലായ വിഷയങ്ങളും അദാലത്തില്‍ പരിഗണിച്ചു. ഉടമ കൈപ്പറ്റാത്ത ആര്‍.സി.ബുക്ക്, ലൈസന്‍സ് എന്നിവ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നല്‍കി. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി അക്ഷയ സെന്ററുകളുടെ യൂണിറ്റുകളും അദാലത്ത് വേദിയില്‍ സജ്ജമാക്കിയിരുന്നു.

Author