കൊച്ചി: മതത്തിന്റെ പേരില്‍ മനുഷ്യജീവനെ വെല്ലുവിളിച്ച് ഉന്മൂലനം ചെയ്യുന്ന ആഗോള ഭീകരവാദപ്രസ്ഥാനങ്ങളുടെ താവളമാക്കാന്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും വിട്ടുകൊടുക്കരുതെന്നും ഭീകരവാദത്തിനെതിരെ ജനമനഃസാക്ഷി ഉണരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ഭാരതം ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വത്തിന്റെ മഹത്വം അട്ടിമറിക്കാന്‍ അണിയറയില്‍ അജണ്ടകള്‍ രൂപപ്പെടുമ്പോള്‍ ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. തിരിച്ചറിവിന്റെ പ്രായംപോലുമെത്താത്ത കൊച്ചുകുട്ടികളുടെ മസ്തിഷ്‌കത്തില്‍ വര്‍ഗീയവിഷം കുത്തിവെച്ച് തെരുവിലിറക്കി കൊലവിളികള്‍ നടത്തുന്ന ക്രൂരതയ്ക്കുമുമ്പില്‍ രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക നായകന്മാരും മൗനം ദീക്ഷിക്കുന്നത് അടിമത്വവും അത്ഭുതപ്പെടുത്തുന്നതുമാണ്.
കേരളത്തില്‍ വര്‍ഗ്ഗീയവാദവും ഭീകരപ്രസ്ഥാനങ്ങളും വളര്‍ന്നുവരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുന്നവെര ജയിലിലടയ്ക്കുക, ഇത്തരം ദുഷ്പ്രവണതകള്‍ക്ക് വഴിയൊരുക്കുന്നവരെ ആശ്ലേഷിക്കുക എന്ന വോട്ടുരാഷ്ട്രീയത്തിന്റെ പിന്നാമ്പുറം തിരിച്ചറിയാനുള്ള ആര്‍ജ്ജവം കേരളസമൂഹത്തിനുണ്ടാകണം. മഹത്തായ സംസ്‌കാരവും പാരമ്പര്യവും പേറുന്ന ജനാധിപത്യമൂല്യങ്ങളുടെ ആത്മാവ് നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യയാണിതെന്ന ബോധ്യം തലമുറകള്‍ക്ക് പകര്‍ന്നേകേണ്ടവരാണ് ഓരോ ഭാരതീയനും. ഭീകരവാദപ്രസ്ഥാനങ്ങളുടെ പാഠശാലകളിലെ വര്‍ഗ്ഗീയവിഷം ചീറ്റുന്ന ഉല്പന്നങ്ങളായി വളരുന്ന തലമുറയെ തള്ളിവിടരുതെന്നും ശാന്തിയും സമാധാനവും എന്നും ഈ നാട്ടില്‍ നിലനിന്നുകാണുവാന്‍ ആഗ്രഹിക്കുന്ന ജനസമൂഹത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണസമൂഹം നിര്‍വ്വഹിക്കണമെന്നും വി.സി, സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍