ഇടതുഭരണം അഴിമതിയുടെ കൂത്തരങ്ങ് : കെ.സുധാകരന്‍ എംപി

Spread the love

പിണറായി ഭരണം അഴിമതിയുടെ കൂത്തരങ്ങായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.പതിനെട്ട് കോടി ചെലവാക്കി നിര്‍മ്മാണത്തില്‍ ഇരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്നെ തകര്‍ന്ന അഴിമതിയുടെ കഥയാണ് പുതിയതായി മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ഒരോ ദിവസവും ഇതുപോലുള്ളവ മാധ്യമ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.മഴപെയ്താല്‍ പൊളിയുന്ന പഞ്ചവടി പാലങ്ങളും റോഡുകളും കാറ്റടിച്ചാല്‍ പൊടിഞ്ഞ് പോകുന്ന കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനെയാണോ മുഖ്യമന്ത്രിയും മന്ത്രിമാരും വികസനമെന്ന് വിളിക്കുന്നതെന്ന് സുധാകരന്‍ ചോദിച്ചു.

ഈ സര്‍ക്കാരിന്റെ ഓരോ പദ്ധതികളും തയ്യാറാക്കുന്നത് അഴിമതി നടത്താനും കമ്മീഷന്‍ ലഭിക്കുന്നതിനും വേണ്ടിയാണ്. എല്ലാ മാനദണ്ഡങ്ങളും നിബന്ധനകളും കാറ്റില്‍പ്പറത്തിയാണ് ഓരോ നിര്‍മ്മാണവും പുരോഗമിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് സര്‍ക്കാര്‍ അഴിമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.മരുമകന്റെ വകുപ്പില്‍ നടക്കുന്ന അഴിമതി മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണോ

അതോ അദ്ദേഹത്തിന്റെ അറിവോടെയാണോ നടക്കുന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മേല്‍പ്പാലത്തിന് പുറമെ കോടികള്‍ മുടക്കി നിര്‍മ്മിച്ച കുളിമാട് പാലം, തൃശ്ശൂരിലെ ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെകണ്ടറി സ്‌കൂള്‍, ശംഖുംമുഖം റോഡ്,സംസ്ഥാന ഐടി മിഷന്റെ കെട്ടിടം,ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും റോഡും പാലങ്ങളുമാണ് തകര്‍ന്നത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ ചൂണ്ടുപലകയാണ് ഇവയെല്ലാം. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. ജനങ്ങളുടെ ജീവന്‍ പന്താടുന്ന നിര്‍മ്മാണങ്ങളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. നിര്‍മ്മാണത്തിലെ ക്രമക്കേട് കണ്ടുപിടിക്കാന്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Author