തൃക്കാക്കര സര്‍ക്കാരിന് വാട്ടര്‍ ലൂയെന്ന് കെ.സുധാകരന്‍ എംപി

Spread the love

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധാര്‍ഷ്ട്യത്തിനും ജനദ്രോഹ ഭരണത്തിനും ഏല്‍ക്കുന്ന കനത്ത പ്രഹരമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഇടതു സര്‍ക്കാരിന്‍റെ ഭരണം വിചാരണ ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പുകൂടിയാണിത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന് വാട്ടര്‍ ലൂ ആയിരിക്കും.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്‍റെ വിജയം സുനിശ്ചിതമാണ്. നൂറുശതമാനം വിജയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുന്നെ തന്നെ അതിനായുള്ള ഒരുക്കം കോണ്‍ഗ്രസും യുഡിഎഫും തുടങ്ങിയിരുന്നു. അതിന്‍റെ ഭാഗമായി മൂന്ന് മാസം മുന്‍പ് തന്നെ താനും ഇൗ ജില്ലക്കാരന്‍ കൂടിയായ പ്രതിപക്ഷനേതാവും ചേര്‍ന്ന് തൃക്കാക്കരയിലെ പതിനൊന്ന് മണ്ഡലങ്ങളിലേയും നേതാക്കളുടെ യോഗം ചേരുകയും തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം കെ.സി.വേണുഗോപാല്‍,വിഡി സതീശന്‍, ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിയാലോചിച്ച് യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായി. കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്.അതിന്‍റെ ആത്മവിശ്വാസം യുഡിഎഫിനും പ്രവര്‍ത്തകര്‍ക്കും തുടക്കം മുതലുണ്ടായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സിപിഎം അവരുടെ സ്ഥാനാര്‍ത്ഥിക്കായി ഇരുട്ടില്‍ തപ്പുകയായിരുന്നു. സിപിഎമ്മിന്‍റെ വിഭാഗീയത പ്രകടമാക്കുന്നതായിരുന്നു അവരുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് നല്ല ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. പി.ടി.തോമസിന്‍റെ ജനപക്ഷ നിലപാടുകളുടെ തുടര്‍ച്ച ഉമയിലൂടെ തൃക്കാക്കരയില്‍ സാധ്യമാകും. പി.ടി.തോമസിന്‍റെ മരണം പോലും സൗഭാഗ്യമായി കാണുന്ന മനോനിലയിലേക്ക് മുഖ്യമന്ത്രിയും സിപിഎമ്മും അധപതിച്ചു.പി.ടി. സഭക്ക് അകത്തും പുറത്തും സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ നേതാവാണ്.പി.ടി.തോമസ് ഇല്ലായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസിന്‍റെ ഗതി തന്നെ മാറുമായിരുന്നു. സംഭവം നടന്ന് ഇത്രയും വര്‍ഷമായിട്ടും നടിക്ക് നീതി ഉറപ്പാക്കാന്‍ ഇൗ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല അവരെ അധിക്ഷേപിക്കാനും അപമാനിക്കാനുമാണ് ഇടതുപക്ഷ നേതാക്കള്‍ ശ്രമിച്ചത്.

നേതാക്കള്‍ക്കെതിരെ സെെബര്‍ ആക്രമണം നടത്തുന്നത് സിപിഎം ശെെലിയാണ്.ഇൗ വിഷയത്തില്‍ ബിജെപിയും ഒട്ടും പിന്നിലല്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനെതിരെയും ഹീനമായ സെെബര്‍ ആക്രമണം നടത്തിയവരാണ് സിപിഎമ്മുകാര്‍.രമേശ് ചെന്നിത്തലക്കെതിരെയും സാംസ്കാരിക നായകര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം സെെബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടി. അസത്യങ്ങള്‍ വിളിച്ചുപറയുന്നതിലും നുണപ്രചരണം നടത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് സിപിഎമ്മുകാര്‍. നെറികേടിന്‍റെ രാഷ്ട്രീയമാണ് സിപിഎമ്മിന്‍റെത്. പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളുമായാണ് ഇപ്പോള്‍ സിപിഎം തൃക്കാക്കരയില്‍ വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതെല്ലാം തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ വിലയിരുത്തും.

കുറ്റമറ്റ രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തുന്നത്.യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഇൗ ജില്ലയിലെ പ്രമുഖരായ 11 നേതാക്കള്‍ക്ക് ചുമതല നല്‍കി.അവര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കൂടാതെ യുഡിഎഫിന്‍റെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും മണ്ഡലത്തില്‍ ആഴ്ചകളായി ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എെഎസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍,ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,എകെ ആന്‍റണി, രമേശ് ചെന്നിത്തല,കെ.മുരളീധരന്‍,എംഎം.ഹസ്സന്‍,കുഞ്ഞാലികുട്ടി,എന്‍.കെ.പ്രേമചന്ദ്രന്‍,പിജെ ജോസഫ്, അനൂപ് ജേക്കബ്,സിപി ജോണ്‍,ദേവരാജന്‍,ജോണ്‍ ജോണ്‍ തുടങ്ങി യുഡിഎഫിന്‍റെ സമുന്നത നേതാക്കള്‍ ഒറ്റക്കെട്ടായി പ്രചരണ രംഗത്ത് മുന്‍പന്തിയിലുണ്ട്.മെയ് 26ന് യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും മുതിര്‍ന്ന നേതാക്കളും എംപിമാരും എംഎല്‍എമാരും തൃക്കാക്കര നിയോജക മണ്ഡലത്തിലെ 164 ബൂത്തുകളിലും പര്യടനം നടത്തുകയും വോട്ടര്‍മാരെ നേരില്‍ കാണുകയും ചെയ്തു. സമാനമായ രീതിയില്‍ 27ന് എല്ലാ ബൂത്തുതലത്തിലും യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കുന്ന മഹാറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.

അധികാര ദുര്‍വിനിയോഗം നടത്തി സുതാര്യമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് തുടക്കം മുതല്‍ സിപിഎം ശ്രമിച്ചത്. തൃക്കാക്കരയിലെ വോട്ടര്‍ പട്ടികയില്‍ യുഡിഎഫ് കൂട്ടിച്ചേര്‍ക്കാന്‍ നല്‍കിയ പുതിയ വോട്ടുകളില്‍ ഭൂരിഭാഗവും തള്ളി. 6386 വോട്ടുകളുടെ അപേക്ഷ നല്‍കിയതില്‍ 4000ത്തോളം വോട്ടുകളാണ് ഒഴിവാക്കിയത്. സിപിഎം അനുഭാവിയായ ഉദ്യോഗസ്ഥതയെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറായി നിയമിച്ചത് അതിന്‍റെ ഭാഗമാണ്. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ മാറ്റിയത്. സിപിഎമ്മിനെ ഇതെല്ലാം ചെയ്യാന്‍ പ്രേരിപ്പിച്ചത് പരാജയ ഭീതിയാണ്. ബിജെപിയെ തോല്‍പ്പിക്കും വിധമുള്ള വര്‍ഗീയ നടപടികളാണ് സിപിഎം മണ്ഡലത്തില്‍ സ്വീകരിച്ചത്. ജാതിയും മതവും തിരിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മന്ത്രിമാരെ നിയോഗിച്ചത് അതിന് തെളിവാണ്. ഭരണത്തില്‍ ഇരുന്ന ആറുവര്‍ഷം കൊണ്ട് നടപ്പാക്കാന്‍ സാധിക്കാത്ത മോഹനവാഗ്ദാനങ്ങളാണ് മന്ത്രിമാര്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്.

ഭൂരിപക്ഷം ഉയരുമെന്ന് വ്യക്തമായതോടെ കള്ളപ്രചരണവുമായി എല്‍.ഡി.എഫ് ഇറങ്ങി. 2015-ല്‍ മെട്രോ റെയിലിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി വരുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍, രണ്ടാം ഘട്ടത്തില്‍ തൃക്കാക്കരയിലേക്കുള്ള എക്‌സ്റ്റന്‍ഷന്‍ പ്രഖ്യാപിച്ചു.കൊച്ചി മെട്രോ റെയിന്റെ എക്‌സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് എറണാകുളം എം.പി ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ രണ്ട് തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം മറച്ചുവെച്ച് വ്യാജ പ്രചരണം നടത്താന്‍ സിപിഎം ശ്രമിച്ചു. ആറു വര്‍ഷമായിട്ടും തൃക്കാക്കരയിലേക്കുള്ള മെട്രോ എക്‌സ്റ്റന്‍ഷന്‍ നടപ്പാക്കാന്‍ ചെറുവിരല്‍ അനക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത.

തൃക്കാക്കരയിൽ വികസനം ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന് ഭയമാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പ് കുത്തി.ആറ് വര്‍ഷക്കാലത്തെ ഇടത് സര്‍ക്കാരിന്റെ ബാക്കിപത്രമാണ് ഈ സാമ്പത്തിക പ്രതിസന്ധി. വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ച് ട്രഷറി നിരോധനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. പൊതുകടം നാലു ലക്ഷമായി. പതിനായിരകണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതും കേരളത്തിന് പാരിസ്ഥിതികമായും സാമൂഹികവുമായും സാമ്പത്തികമായും ആഘാതമേല്‍പ്പിക്കുന്ന കെ.റെയില്‍ പദ്ധതി ആര്‍ക്ക് വേണ്ടിയാണ് ഇൗ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിന്‍റെ പേരില്‍ നാട്ടില്‍ സംഘര്‍ഷം സൃഷ്ടിച്ച് ജനങ്ങളെ തുറിങ്കിലടക്കാനാണ് പിണറായി ശ്രമിച്ചത്. ഒടുവില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും കോടതിയില്‍ നിന്നുമുള്ള തിരിച്ചടി ഭയന്ന് കല്ലിടല്‍ സര്‍വ്വെ നിര്‍ത്തിവെച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് താന്‍ ചോദിച്ചെങ്കിലും മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറല്ല.കല്ലിടല്‍ സര്‍വെയില്‍ നിന്നുള്ള സര്‍ക്കാരിന്‍റെ പിന്‍മാറ്റം യുഡിഎഫ് സമരങ്ങളുടെ ആധികാരികമായ വിജയമാണ്.

എറണാകുളം ജില്ലയിൽ അവര്‍ കൊണ്ടുവന്ന വികസനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അവരെ വെല്ലുവിളിച്ചിരുന്നു. അത് ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും തയ്യാറായില്ല. നെടുമ്പാശ്ശേരി വിമാനത്താവളവും കലൂർ സ്റ്റേഡിയവും സ്മാര്‍സിറ്റി പദ്ധതിയും ഗോശ്രീപദ്ധതിയും മെട്രോ റെയിലുമൊക്കെ കൊണ്ടു വന്നപ്പോൾ സമരം ചെയ്തവരാണ് സി.പി.എമ്മുകാർ. എൽ.ഡി.എഫ് ഭരണകാലത്ത് ഈ ജില്ലയിൽ കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടിക്കാട്ടാൻ സിപിഎമ്മിന് സാധിക്കില്ല.സമസ്തമേഖലയിലും അഴിമതി പ്രകടമാണ്. കുളിമാട് പാലം, തൃശ്ശൂരിലെ ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെകണ്ടറി സ്‌കൂള്‍, ശംഖുംമുഖം റോഡ്,സംസ്ഥാന ഐടി മിഷന്റെ കെട്ടിടം,ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും റോഡും പാലങ്ങളും തകര്‍ന്നത് അതിന് ഉദാഹരണമാണ്.വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. വിലനിയന്ത്രിക്കാന്‍ വിപണിയില്‍ കാര്യക്ഷമമായി ഇടപെടുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു.

ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് എടുത്ത പ്രസ്ഥാനം കോണ്‍ഗ്രസാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് കോണ്‍ഗ്രസാണ്. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്.കേരളത്തിലെ സി.പി.എമ്മും സംഘപരിവാറും കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ഒറ്റ അജണ്ടയുമായി മുന്നോട്ടു പോകുന്നു. പിണറായി വിജയന്‍ കേന്ദ്രത്തിലെ ബി.ജെ.പിയുമായി എല്ലാ അഡ്ജസ്റ്റ്‌മെന്റുകളും നടത്തിയ ശേഷം കോണ്‍ഗ്രസ് മുക്ത കേരളത്തിന് വേണ്ടി ശ്രമിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കിയവരാണ് കേരളത്തിലെ സി.പി.എമ്മുകാര്‍. ബിജെപിക്ക് തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പ്രസ്കതിയില്ല.അവരുടെ മത്സരം മൂന്നാം സ്ഥാനത്തിന് വേണ്ടി മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

Author