കേന്ദ്ര ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ യഥാര്‍ത്ഥ അവകാശികള്‍ മൈക്രോ മൈനോരിറ്റി വിഭാഗങ്ങള്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ യഥാര്‍ത്ഥ അവകാശികള്‍ ന്യൂനപക്ഷ വിഭാഗത്തിലെ ക്രൈസ്തവരുള്‍പ്പെടെ അഞ്ച് മൈക്രോ മൈനോരിറ്റി വിഭാഗങ്ങളാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ആഴം അനുസരിച്ച് പട്ടിക വിഭാഗങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന് രണ്ടായിത്തിരിച്ചതുപോലെ പ്രജനന നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മതന്യുനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോറിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണം. മൈക്രോ മൈനോറിറ്റി പ്രൊട്ടക്ഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ പോളിസി രൂപീകരിച്ചു നടപ്പിലാക്കുവാനും ഭരണഘടനാ പദവിയുള്ള നാഷണല്‍ മൈക്രോ മൈനോരിറ്റി കമ്മീഷന്‍ രൂപീകരിച്ചു കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

ജനസംഖ്യയിലും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലും കുതിച്ചുയരുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനുവേണ്ടി മാത്രമായിട്ട് ന്യൂനപക്ഷത്തിന്റെ മറവില്‍ ക്ഷേമപദ്ധതികള്‍ തുടരുന്നതില്‍ യാതൊരു നീതീകരണവുമില്ല. ക്രിസ്ത്യന്‍, സിക്ക്, ജൈനര്‍, ബുദ്ധര്‍, പാഴ്‌സി വിഭാഗങ്ങളെ ക്ഷേമപദ്ധതികളില്‍ നിന്ന് പുറന്തള്ളി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി നടത്തുന്ന ക്ഷേമപദ്ധതി പ്രഹസനങ്ങള്‍ അവസാനിപ്പിക്കണം. ജനസംഖ്യ കാലക്രമേണ കുറഞ്ഞ് അന്യംനിന്നുപോകാന്‍ സാധ്യത കാണുന്ന പാഴ്‌സി സമൂഹത്തിനുവേണ്ടി മാത്രമാണ് ജിയോ പാഴ്‌സി എന്ന പദ്ധതിയിന്ന് പ്രത്യേകമായിട്ടുള്ളത്.

മുസ്ലീം പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിച്ച സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെയെല്ലാം അടിസ്ഥാനമെന്നു വ്യാഖ്യാനിക്കുന്നത് ഭരണഘടനാവിരുദ്ധവും ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ അവഹേളിക്കുന്നതുമാണ്. ക്രൈസ്തവരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പഠിക്കുവാന്‍ ദേശീയതലത്തില്‍ കമ്മറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നു. മതന്യൂനപക്ഷത്തിന്റെ അടിസ്ഥാനം ജനസംഖ്യയിലെ കുറവാണെന്നിരിക്കെ ജനസംഖ്യയുള്‍പ്പെടെ സമസ്തമേഖലകളിലും വളര്‍ച്ച നേടിയിരിക്കുന്നവര്‍ക്കല്ല മറിച്ച് ജനസംഖ്യയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കേണ്ടത്. 2011 ല്‍ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 14.5 ശതമാനമാണ്. ക്രിസ്ത്യാനികള്‍ 2.32 ശതമാനവും മറ്റുള്ളവര്‍ ഇതിലും താഴെ. 14.5 ശതമാനമെന്ന മുസ്ലീം ജനസംഖ്യ 2021ല്‍ 20 ശതമാനത്തോളമുയര്‍ന്ന് വളര്‍ച്ച നേടിയിരിക്കുന്നു. അതേസമയം സാമൂഹ്യ പിന്നോക്കാവസ്ഥമൂലം ഇതരന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ 2.32 ശതമാനവും കുറവുമായി തുടരുമ്പോള്‍ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹതപ്പെട്ടവര്‍ മറ്റു അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങളാണെന്നും കാലങ്ങളായി തുടരുന്ന അവഗണന അവസാനിപ്പിച്ച് ഈ അഞ്ച് വിഭാഗങ്ങളെയും മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിച്ച് ക്ഷേമപദ്ധതികള്‍ രൂപീകരിച്ച് പ്രഖ്യാപിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി, സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍

Leave Comment