ബഫല്ലോ (ന്യൂയോര്‍ക്ക്): രാജ്യത്ത് കൂട്ട വെടിവയ്പു സംഭവങ്ങളില്‍ മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ അടിയന്തരമായി നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്.
കഴിഞ്ഞ ആഴ്ച ബഫല്ലോ കൂട്ട വെടിവയ്പില്‍ കൊല്ലപ്പെട്ട 10 പേരില്‍ ഏറ്റവും പ്രായം കൂടിയ റൂത്ത് വൈറ്റ് ഫീല്‍ഡിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കമല ഹാരിസ്.
മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നത് യുദ്ധരംഗത്താണ്. സിവില്‍ സൊസൈറ്റിയില്‍ ഇത്തരം ആയുധങ്ങള്‍ക്ക് സ്ഥാനമില്ല – കമല ഹാരിസ് പറഞ്ഞു. തോക്കു വാങ്ങുന്‌പോള്‍ യൂണിവേഴ്‌സല്‍ ബാക്ക് ഗ്രൗണ്ട് ആവശ്യമാണെന്നും കമല ഹാരിസ് കൂട്ടിചേര്‍ത്തു. രാജ്യത്ത് ഈ വര്‍ഷം മാത്രം ഇരുനൂറിലധികം വെടിവയ്പു സംഭവങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് നിയമം ഉണ്ടാക്കുന്നവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതു രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നും അവര്‍ പറഞ്ഞു.
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ അനുവദിക്കരുത്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. ഇതില്‍ വിഭാഗീയത ഉണ്ടാകരുത്. യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ തോളോടു ചേര്‍ന്ന് നിയമനിര്‍മാണത്തിന് ഒന്നിച്ചു നില്‍ക്കണമെന്നും കമല ഹാരിസ് അഭ്യര്‍ഥിച്ചു.