തിരുവനന്തപുരം: 2018 മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ കൈകളിലെത്തിയ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രവേശനോത്സവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തന്നെ അക്ഷര ലോകത്തേയ്ക്കും കൈപിടിച്ചു കയറ്റി. 2018 ലെ പ്രളയത്തില്‍ നിന്നും ഏഴ് ദിവസം മാത്രം പ്രായമുള്ള
മിത്രയെ രക്ഷിച്ച് കൊണ്ടുവന്നത് അന്നത്തെ ആറന്മുള എംഎല്‍എ ആയിരുന്ന വീണാ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു. ബുധനാഴ്ച അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് കയറ്റിയതും മന്ത്രി വീണാ ജോര്‍ജായിരുന്നു.
ജില്ലാതല പ്രവേശനോത്സവത്തില്‍ പത്തനംതിട്ട ആറന്മുള ഗവ. വി.എച്ച്.എസ്.എസില്‍ മന്ത്രിയെത്തിയപ്പോള്‍ ഇങ്ങനെയൊരതിഥി എത്തുമെന്ന് കരുതിയില്ല. മിത്രയെ കണ്ട ഉടന്‍ തന്നെ മന്ത്രി സ്‌നേഹപൂര്‍വം അടുത്തു വിളിച്ച് വാരിയെടുത്തു. മിത്രയെ കോവിഡ് സുരക്ഷയുടെ ആദ്യപാഠമായി മാസ്‌ക് കൃത്യമായി ധരിപ്പിച്ചു. ഇടയ്ക്ക് കുഞ്ഞിനെ കാണാന്‍ ജന്മദിനത്തിലും മറ്റും പല പ്രാവശ്യം വീട്ടില്‍ മന്ത്രി എത്തിയിരുന്നതിനാല്‍ കുഞ്ഞിനും പരിചയമുണ്ടായിരുന്നു.
ആറന്മുള സ്വദേശികളായ സുരേന്ദ്രന്റേയും രഞ്ജിനിയുടേയും മകളാണ് മിത്ര. മിത്രയെ പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായപ്പോഴാണ് പ്രളയം വന്നത്. ആറന്മുള ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നപ്പോള്‍ അന്ന് എംഎല്‍എ ആയിരുന്ന വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്.