സുരക്ഷ ഉറപ്പാക്കാൻ പിങ്ക് പോലീസ് പട്രോൾ

Spread the love

സ്ത്രീകൾക്കായ്: 04 ടോൾ ഫ്രീ നമ്പർ: 112

സ്ത്രീ സുരക്ഷ ശക്തമാക്കാനും അവശ്യഘട്ടങ്ങളിൽ സഹായം ലഭ്യമാക്കാനും സജ്ജമായി പിങ്ക് പോലീസ് പട്രോൾ. പൊതു ഇടങ്ങളിൽ സ്ത്രീ സുരക്ഷ കർശനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകളായ പോലീസ് ഉദ്യോഗസ്ഥർ മാത്രമടങ്ങുന്ന പിങ്ക് പോലീസ് വിഭാഗത്തിന് രൂപം നൽകിയത്.
നഗരത്തിലെ തിരക്കേറിയ ഇടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വനിതാ ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ പരിസരങ്ങളിലാണ് പിങ്ക് പോലീസ് സംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പിങ്ക് പോലീസ് പട്രോൾ പ്രവർത്തിക്കുന്നുണ്ട്. ഒരു വനിതാ സബ് ഇൻസ്പെക്ടറും രണ്ടു വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് ഒരു പട്രോളിംഗ് സംഘം.
ഏത് സമയത്തും സ്ത്രീകൾക്ക് സഹായം തേടാവുന്ന വിധത്തിലാണ് പിങ്ക് പോലീസിന്റെ പ്രവർത്തനം. അവശ്യഘട്ടങ്ങളിൽ എവിടെ നിന്നും 112 എന്ന നമ്പറിൽ സഹായം അഭ്യർത്ഥിക്കാം. ജില്ലാ പോലീസ് മേധാവിക്ക് കീഴിലാണ് പിങ്ക് പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഇവിടെ ലഭിക്കുന്ന സഹായാഭ്യാർത്ഥനകൾ സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ പിങ്ക് പോലീസ് സംഘത്തിന് കൈമാറിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ജി.ഐ.എസ് – ജി.പി.എസ് സംവിധാനം ഉപയോഗിച്ചുള്ള അത്യാധുനിക സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ സഹായം അഭ്യർത്ഥിച്ച സ്ഥലം കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സൗകര്യം പിങ്ക് പോലീസിന്റെ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. അതിനാൽ സഹായം ആവശ്യപ്പെട്ട സ്ഥലത്ത് അതിവേഗം എത്താനും സുരക്ഷാനടപടികൾ ഉറപ്പാക്കാനും പിങ്ക് പോലീസ് സജ്ജമാണ്. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കണ്ടെത്തി അതത് സമയത്ത് നടപടി സ്വീകരിക്കാനും പിങ്ക് പോലീസ് സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Author