2022-23 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളിൽ 13 ദിവസം ധനാഭ്യർത്ഥന ചർച്ചയ്ക്കായും നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായും ധനകാര്യബിൽ ഉൾപ്പെടെയുള്ള ബില്ലുകളുടെ പരിഗണനയ്ക്കായി നാല് ദിവസവും ഉപധനാഭ്യാർത്ഥനയ്ക്കും ധനവിനിയോഗ ബില്ലുകൾക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
2021 മെയ് 24ന് ആദ്യ സമ്മേളനം ചേർന്ന പതിനഞ്ചാം കേരള നിയമസഭ ഇപ്പോൾ ഒരു വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് നാലു സമ്മേളനങ്ങളിലായി മൊത്തം 61 ദിനങ്ങളാണ് സഭ സമ്മേളിച്ചത്. കോവിഡ് പശ്ചാത്തലമായിരുന്നിട്ടുകൂടി ഇത്രയും ദിവസങ്ങൾ സമ്മേളനം നടന്നു എന്നത് മറ്റ് സംസ്ഥാന നിയമസഭകളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട പ്രകടനമാണ്. 2021 ഒക്ടോബർ നാല് മുതൽ നവംബർ 11 വരെ നടന്ന മൂന്നാം സമ്മേളനം ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. നിയമനിർമ്മാണത്തിനു മാത്രമായി ചേർന്ന സമ്മേളനത്തിൽ നിലവിലുണ്ടായിരുന്ന 34 ഓർഡിനൻസുകൾക്ക് പകരമുള്ള 34 ബില്ലുകൾ സഭ ചർച്ച ചെയ്ത് പാസാക്കുകയും ഒരു ബിൽ (2021-ലെ കേരള പൊതുജനാരോഗ്യബിൽ) വിശദമായ പരിശോധനയ്ക്കും തെളിവെടുപ്പിനുമായി സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. ആകെ 21 ദിവസങ്ങളിൽ 167 മണിക്കൂർ സമയം സഭ ചേർന്നാണ് സഭ ഇത്രയധികം നിയമങ്ങൾ ചർച്ച ചെയ്തു പാസാക്കിയത്.
കഴിഞ്ഞ നാല് സമ്മേളനങ്ങളിലായി സഭ മൊത്തം 48 ബില്ലുകൾ പാസാക്കുകയും ചട്ടം 118 പ്രകാരമുള്ള നാല് ഗവൺമെന്റ് പ്രമേയങ്ങൾ പാസാക്കുകയും ചെയ്തിട്ടുണ്ട് (ലക്ഷദ്വീപിലെ മനുഷ്യാവകാശ ലംഘനം, കോവിഡ് വാക്സിൻ സൗജന്യമാക്കുക, കേന്ദ്ര വൈദ്യുതിനയം പിൻവലിക്കുക, എൽ.ഐ.സി ഓഹരിവിൽപ്പന നിർത്തിവയ്ക്കുക). കെ-റെയിൽ പദ്ധതിമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പി.സി വിഷ്ണുനാഥ് എം.എൽ.എ ചട്ടം 30 പ്രകാരം നൽകിയ നോട്ടീസിലും സഭ രണ്ട് മണിക്കൂർ ചർച്ച നടത്തി. ഇന്ത്യയിലെ വനിതാ സാമാജികരുടെ ദേശീയ സമ്മേളനവും മൂന്നാം ലോക കേരള സഭയും മികച്ച രീതിയിൽ നടത്താനായെന്നും സ്പീക്കർ പറഞ്ഞു.