ജനങ്ങളെ പിഴിഞ്ഞ ശേഷം ഫണ്ട് ചോദിക്കുന്ന സിപിഎമ്മിന്റെ തൊലിക്കട്ടി അപാരം: കെ.സുധാകരന്‍ എംപി

Spread the love

വൈദ്യുതി നിരക്കും ബസ്സ് ചാര്‍ജ്ജും വെള്ളക്കരവും വര്‍ധിപ്പിച്ച് പൊതുജനത്തെ പിഴിയുകയും കെ റെയിലിന്റെ പേരില്‍ ജനങ്ങളുടെ നെഞ്ചത്ത് മഞ്ഞകുറ്റിയും സ്ഥാപിക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തന ഫണ്ട് പിരിവുമായി ഇറങ്ങുന്ന സിപിഎമ്മിന്റെ തൊലിക്കട്ടി അപാരം തന്നെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ധനരാജ് രക്തസാക്ഷി ഫണ്ട് പോലും മുക്കിയ പാര്‍ട്ടിയാണ് സിപിഎം. രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാട്ടിയ സിപിഎം അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ നാണംകെട്ട പണപ്പിരിവ് അവസാനിപ്പിക്കണം.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഢംബരവും ധൂര്‍ത്തും കുറക്കാത്ത മുഖ്യമന്ത്രിക്കും ഗാന്ധി നിന്ദ പതിവാക്കിയ സിപിഎമ്മിനും വിലവര്‍ധനവിനെതിരെയും വര്‍ഗീയതക്കെതിരെയും സമരം ചെയ്യാന്‍ എന്തുയോഗ്യതയാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച യഥാര്‍ത്ഥ പ്രതികളെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാലും സിപിഎം നല്‍കുന്ന പട്ടിക പ്രകാരമെ അറസ്റ്റ് പാടുള്ളുയെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് പാര്‍ട്ടി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഫലിച്ചത്. കല്‍പ്പറ്റയിലെ ജനകീയ പ്രതിഷേധത്തിന്റെ പേരില്‍ എകെജി സെന്ററിന്റെ ആജ്ഞയനുസരിച്ചാണ് പോലീസ് ഇപ്പോള്‍ കേസെടുക്കുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുക്കാന്‍ ശുഷ്‌കാന്തി കാണിക്കുന്ന പോലീസ് എന്തുകൊണ്ട് കെപിസിസി ആസ്ഥാനവും സംസ്ഥാനത്തെ വിവിധ കോണ്‍ഗ്രസ് ഓഫീസുകളും തല്ലിത്തകര്‍ത്ത സിപിഎമ്മിന്റെ ഗുണ്ടകള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു.

സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വിധമാണ് സിപിഎം ഗാന്ധി പ്രതിമയെയും ചിത്രത്തെയും അപമാനിക്കുന്നത്. ഗാന്ധി നിന്ദയിലെ ജാള്യത മറക്കാനാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യാരോപണം ഉന്നയിക്കുന്നത്.ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ഹൃദയത്തിലാണ് രാഷ്ട്രപിതാവിന്റെ സ്ഥാനം. അത് തിരിച്ചറിയാനുള്ള വെളിവ് സിപിഎമ്മിനില്ല. പയ്യന്നൂര്‍ ഗാന്ധി പ്രതിമയുടെ തലയറുത്തവര്‍ ഇപ്പോഴും സിപിഎം സംരക്ഷണയില്‍ ഇരുട്ടിന്റെ മറവില്‍ തന്നെയാണ്. സിപിഎം നിയന്ത്രണത്തിലുള്ള ഒളിസങ്കേതങ്ങള്‍ പരിശോധിച്ചാല്‍ രാഷ്ട്രപിതാവിന്റെ തലയറുത്ത കമ്യൂണിസ്റ്റ് സംഘപരിവാര്‍ നിഴലുകളെ കാണാമറയത്ത് നിന്നും വെളിച്ചത്തേക്ക് കൊണ്ടുവരാം. എന്നാല്‍ സിപിഎം ജില്ലാ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലുള്ള പോലീസിന് അതിനുള്ള തന്റേടം കൈമോശം വന്നെന്നും സുധാകരന്‍ പരിഹസിച്ചു.

യുവജന സംഘടനകളിലെ യുവാക്കള്‍ നല്ലൊരു വിഭാഗം കുടിയന്‍മാരാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ ആദ്യം പറഞ്ഞതും വിവാദമായപ്പോള്‍ തിരുത്തി തടിയൂരാന്‍ ശ്രമിച്ചതും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സംഘടനാപ്രവര്‍ത്തകരുടെ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

 

Author