കണ്ണൂര്‍ എകെജി സെന്‍ററിനെതിരായ ആക്രമത്തിന് പിന്നിലെ തിരക്കഥ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെതാണെന്നും കോണ്‍ഗ്രസിനും യുഡിഎഫിനും പങ്കില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.അക്രമത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു. അക്രമത്തിന്‍റെ മുന്‍പന്തിയില്‍ എന്നും സിപിഎമ്മാണുള്ളതെന്നും കോണ്‍ഗ്രസല്ലെന്നും സുധാകരന്‍ പറഞ്ഞു കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
എന്ത് അക്രമം നടത്താനും സിപിഎമ്മിന് തിരുവനന്തപുരത്ത് ഗുണ്ടകളുടെ സംവിധാനമുണ്ട്. രാഹുല്‍ ഗാന്ധിയുടെ കേരളസന്ദര്‍ശനത്തിന്‍റെ പ്രാധാന്യം കുറയ്ക്കുകയായിരുന്നു സിപിഎമ്മിന്‍റെ ലക്ഷ്യം.രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്ന ദിവസം, പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ ഓഫീസ് എസ്എഫ് െഎക്കാര്‍ തകര്‍ത്തതിന് ശേഷം ആദ്യമായി എത്തുമ്പോള്‍ അതിന്‍റെ പ്രസ്കതി തകര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുമെന്ന് ആരെങ്കിലും കരുതുന്നുയെങ്കില്‍ അവരാണ് മണ്ടന്‍മാര്‍.എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അക്രമത്തിന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെയ്ക്കുന്നത് കണ്ട് ബോധ്യംവന്നത് പോലെയാണ്. എകെജി സെന്‍ററിന് ചുറ്റും സിസിസി ടിവി സുരക്ഷയുണ്ട്. അതിലൊന്നും മുഖം പെടാതെ ഒരു വ്യക്തി അക്രമം നടത്തി പോകണമെങ്കില്‍ അയാള്‍ക്ക് എകെജി സെന്‍ററുമായി പരിചയമുള്ള ആളാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. അക്രമം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. പുറത്ത് വന്ന അക്രമ ദൃശ്യങ്ങളില്‍ പ്രതികളെ വ്യക്തമല്ല. അപ്പോഴാണ് ഇപി ജയരാജന്‍ അക്രമം നടന്ന് സെക്കന്‍റുകള്‍ക്കുള്ളില്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിക്കുന്നത്. വിമാനത്തിലെ പ്രതിഷേധത്തിന് കഥയും തിരക്കഥയും ഉണ്ടാക്കിയ വ്യക്തിയാണ് ഇപി ജയരാജന്‍. രാഹുല്‍ ഗാന്ധിയുടെ കേരള പര്യടനത്തിന്‍റെ മഹത്വം കുറയ്ക്കാന്‍ ഇപി ജയരാജന്‍റെ അറിവോടെ നടന്ന അക്രമണമാണിതെന്ന് സംശയിക്കേണ്ടിരിക്കുന്നു.
ക്രിമിനല്‍ സംഘങ്ങളുമായി നല്ല ബന്ധമുള്ള പ്രസ്ഥാനമാണ് സിപിഎം. എകെജി സെന്‍ററിന് സമീപം തന്നെ നിരവധി കേസുകളില്‍ പ്രതികളായ എന്തിനും പോന്ന ഗുണ്ടകളുടെ സാന്നിധ്യമുണ്ട്. അവരെ ഇത്തരം അക്രമത്തിന് ഉപയോഗിക്കാന്‍ ഇപി ജയരാജന് എന്താണ് പ്രയാസം. സിപിഎം പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനവും രാഹുല്‍ ഗാന്ധിയുടെ ഓഫീസും തകര്‍ത്തപ്പോഴും പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്തപ്പോഴും കോണ്‍ഗ്രസ് വെെകാരികമായി പ്രതികരിച്ചിട്ടില്ല. കെപിസിസി നേതൃത്വം ഇടപെട്ട് പ്രവര്‍ത്തകരെ നിയന്ത്രിച്ചു.കോണ്‍ഗ്രസിന്‍റെ മാന്യതയും അന്തസ്സുമാണ് അവിടെ പ്രകടമായത്.എകെജി സെന്‍റര്‍ അക്രമത്തിന്‍റെ മറവില്‍ സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. അക്രമം നടന്ന് മണിക്കൂറുകള്‍ക്കകം കോട്ടയത്തും ആലപ്പുഴയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇന്ധിരാഗാന്ധി പ്രതിമയുടെ കെെവെട്ടി മാറ്റി. ഇതെല്ലാം ചെയ്തത് സിപിഎമ്മാണെന്നും സുധാകരന്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്തും കറന്‍സിക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കുടുംബവുമെല്ലാം പ്രതിസ്ഥാനത്താണ്. അതില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ സംസ്ഥാനത്ത് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കേണ്ടത് സിപിഎമ്മിന്‍റെ ആവശ്യമാണ്. അത്തരം ഒരു സാഹചര്യത്തില്‍ എകെജി സെന്‍ററിനെതിരെ നടന്ന അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.