വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്

Spread the love

വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ ധനസഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പ്രമാടം സ്വാശ്രയ കര്‍ഷക സമിതിയുടെ വിപണി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷികൊണ്ട് അന്തസാര്‍ന്ന ജീവിതം നയിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയണം. വിളയിടത്തെ അറിഞ്ഞുള്ള കൃഷിയിലേക്ക് തിരിയണമെന്നും പതിനാലാം പഞ്ചവത്സരപദ്ധതി കഴിയുമ്പോഴേക്കും 1100 പുതിയ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ കേരളത്തിലുണ്ടാകും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ തുടങ്ങുന്ന കരിമ്പ് കൃഷി ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. കരിമ്പിന് വലിയ മാര്‍ക്കറ്റാണ് വിദേശങ്ങളിലുള്ളതെന്നും മന്ത്രി പറഞ്ഞു.
കൃഷിയെ സ്മാര്‍ട്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. സംസ്ഥാനത്തുടനീളം കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള കൃഷിക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കി. സംസ്ഥാനത്തുടനീളം 25,000 ത്തില്‍ അധികം കൃഷിക്കൂട്ടങ്ങളാണ് ഉണ്ടായത്. കൃഷി ഓഫീസറുടെ സേവനം ഓഫീസിന് അകത്തല്ല, കൃഷിയിടങ്ങളില്‍ കര്‍ഷകന് സഹായകരമാകുന്ന രീതിയിലാകണം. കൃഷിയുടെ ആസൂത്രണം കര്‍ഷകനുമായി ചേര്‍ന്ന് നടത്തണം. ഓരോ വാര്‍ഡിലും എന്താണ് ഉത്പാദിപ്പിക്കുന്നതെന്ന വൃക്തമായ ധാരണ കൃഷി ഓഫീസര്‍മാര്‍ക്കുണ്ടാകണം. ജീവിത സാക്ഷരതയിലെ ആദ്യപാഠം വിഷരഹിത ഭക്ഷണം ശീലമാക്കുകയെന്നതാണെന്നും ഓരോ വീട്ടിലേക്കും ആവശ്യമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ സ്വയം ഉത്പാദിപ്പിക്കണമെന്നും ഞങ്ങളും കൃഷിയിലേക്ക് എന്ന് ഓരോ വീടും പറയണമെന്നും മന്ത്രി പറഞ്ഞു.

Author