കോട്ടയം: എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പേ വിഷബാധ എന്നിവ തടയുന്നതിനായി ജൂലൈ 31 വരെ ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘പ്രഥമം പ്രതിരോധം’ ഊര്‍ജ്ജിത രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി 569 സ്‌കൂളുകളില്‍ കൊതുകുകളുടെ ഉറവിട നിര്‍മാര്‍ജ്ജനം നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു.
സ്‌കൂളിലും പരിസരത്തും ചെറുവെള്ളക്കെട്ടുകള്‍, കപ്പുകള്‍, പാത്രങ്ങള്‍, മുട്ടത്തോട്, പൂച്ചെട്ടി, കുടിവെള്ള സംഭരണ ടാങ്കുകള്‍ തുടങ്ങി വെള്ളം കെട്ടിനിന്ന് കൊതുകു വളരാനുള്ള സാഹചര്യങ്ങള്‍ നിലവിലുണ്ടോയെന്നാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിച്ചത്.
ഇന്നലെ (ജൂലൈ 15) ജില്ലയിലെ സ്‌കൂളുകളില്‍ കൊതുകുവളരാന്‍ സാധ്യതയുള്ളതായി 4419 ചെറുവെള്ളക്കെട്ടുകള്‍ കണ്ടെത്തി നശിപ്പിച്ചു. ഇവയില്‍ 183 എണ്ണത്തില്‍ കൊതുകിന്റെ കൂത്താടികളെയും കണ്ടെത്തി. സ്‌കൂള്‍ കുട്ടികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് കൊതുകു നശീകരണം നടത്തിയത്. ജൂലൈ 22, 31 തീയതികളില്‍ വീണ്ടും സ്‌കൂളുകളില്‍ കൊതുകു നശീകരണം നടത്തും.
ഇന്ന് (ജൂലൈ 16) ഓഫീസ്, റബ്ബര്‍, കൈതച്ചക്ക തോട്ടങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവയിലാണ് കൊതുകു നശീകരണം നടത്തുക. പരിപാടിയുടെ ഭാഗമായി ജൂലൈ 31 വരെ കൊതുക് ഉറവിട നിര്‍മാര്‍ജ്ജനം, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷന്‍, എലിപ്പനി പ്രതിരോധ മരുന്ന് വിതരണം, ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും.