സംസ്ഥാനത്തെ 465 ഗ്രാമ പഞ്ചായത്തുകളിൽ പുതിയ കളിക്കളങ്ങൾ നിർമ്മിക്കും

Spread the love

സംസ്ഥാന സീനിയർ പുരുഷ-വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന് കണ്ണൂരിൽ തുടക്കം.

കേരളത്തിലെ 465 പഞ്ചായത്തുകളിൽ പുതുതായി കളിക്കളങ്ങൾ നിർമ്മിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കണ്ണൂർ മുണ്ടയാട് ഇൻ്റോർ സ്റ്റേഡിയത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റേയും ജില്ലാ സ്പോർട്സ് കൗൺസിലിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന സീനിയർ പുരുഷ-വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന കായികരംഗം പുതിയ മേഖലകളിലേക്ക് കടക്കുകയാണ്. പഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൗൺസിലുകൾ രൂപികരിച്ച് കഴിഞ്ഞു. ഇതിൻ്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. മെഡലുകൾ മാത്രമല്ല കായിക വകുപ്പിൻ്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും കായിക മേഖലയുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രി പറഞ്ഞു. വോളിബോൾ അസോസിയേഷനുകളെ നിക്ഷ്പക്ഷമായി ചലിപ്പിക്കാനാണ് ഇത്തരം ടൂർണ്ണമെൻ്റുകൾ സർക്കാർ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റരോടൊപ്പം പന്ത് തട്ടിയാണ് കായിക മന്ത്രി വി അബ്ദുറഹ്മാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തത്. ചാമ്പ്യൻഷിപ്പിന്റെ ലോഗോ രൂപകൽപ്പന ചെയ്ത കലാകാരൻ വി പി ജ്യോതിഷ്കുമാറിനുള്ള ഉപഹാരവും സമ്മാനത്തുകയും കായിക മന്ത്രി നൽകി.കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വിശിഷ്ടാതിഥിയായി. വോളിബോളിനെ ലോക കായിക രംഗത്ത് ഐതിഹാസികമായി അടയാളപ്പെടുത്തിയ ജിമ്മി ജോർജിനെ പോലുള്ളവരുടെ ഓർമ്മകൾ പുതു തലമുറയ്ക്ക് ഊർജ്ജമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒളിമ്പ്യൻ മേഴ്സി കുട്ടൻ മുഖ്യ തിഥിയായി.

Author