ദേശീയ വായനാദിന മാസാചരണത്തിന്റെ സമാപന സമ്മേളനം തിരുവല്ലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിരുവല്ല ആര്‍ഡിഒ കെ. ചന്ദ്രശേഖരന് നായര്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ പുസ്തക വായന ഒരു ശീലമാക്കി എടുക്കണമെന്നും എങ്കില്‍ മാത്രമേ വരും തലമുറയ്ക്ക് വായന ഒരു മാര്‍ഗദീപമായി മാറുകയുള്ളെന്നും ആര്‍ഡിഒ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായ് അധ്യക്ഷത വഹിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി സി.കെ. നസീര്‍, വായനാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ദാമോദരന്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, എസ്. അമീര്‍ജാന്‍, മീരാ സാഹിബ്, പിടിഎ പ്രസിഡന്റ് റ്റി.എ. റെജികുമാര്‍, ഹരിപ്രസാദ്, പ്രിന്‍സിപ്പല്‍ ജയാ മാത്യു, ഹെഡ്മാസ്റ്റര് ഷാജി മാത്യു, റിനു അല്‍ഫോന്‍സ് എന്നിവര്‍ പ്രസംഗിച്ചു.പി.എന്‍. പണിക്കര്‍ വായനാ കോര്‍ണര്‍ ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാ ഭായി ഹെഡ്മാസ്റ്റര് ഷാജി മാത്യുവിനു പുസ്തകം നല്കി നിര്‍വഹിച്ചു.