കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ന്യൂയോര്‍ക്കിലെ ഐപിസി റോക്ക്‌ലാന്‍ഡ് അസംബ്ലി രജത ജൂബിലി ആഘോഷം ജൂലൈ 30ന്

Spread the love

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രധാന ഐ.പി.സി.സഭകളില്‍ ഒന്നായ ന്യൂയോര്‍ക്കിലെ ഐപിസി റോക്ക്‌ലാന്‍ഡ് അസംബ്ലി രജതജൂബലി ആഘോഷിക്കുന്നു. ജൂലൈ 30 ശനിയാഴ്ച രാവിലെ 9.30ന് സഭാഹാളില്‍ ആണ് സമ്മേളനം നടക്കുന്നത്. സഭയുടെ പ്രസിഡന്റും സീനിയര്‍ ശുശ്രൂഷകനുമായ റവ.ജോസഫ് വില്യംസിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഐ.പി.സി.ജനറല്‍ പ്രസിഡണ്ട് ഡോ.ടി.വത്സന്‍ ഏബ്രഹാം, ജനറല്‍ സെക്രട്ടറി റവ.സാം ജോര്‍ജ് എന്നിവര്‍ മുഖ്യാത്ഥികള്‍ ആയിരിക്കും. ജൂബിലി കര്‍മ്മ പദ്ധതികളുടെ ഭാഗമായി ഒരു കോടിയിലധികം രൂപയുടെ ജീവകാരുണ്യ പദ്ധതികളാണ് സഭയുടെ ചുമതലയില്‍ ഭാരതത്തില്‍ നടപ്പിലാക്കുന്നത്. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ വെസ്‌ചെസ്റ്റര്‍, റോക്ക്‌ലാന്‍ഡ് കൗണ്ടികളിലുള്ള മലയാളികളായ ചില വിശ്വാസികള്‍ റവ.ജോസഫ് വില്യംസിന്റെ നേതൃത്വത്തില്‍ 1996 മാര്‍ച്ച് 30ന് തുടക്കമിട്ടതാണ് ഈ സഭ. 1996 മെയ് 19ന് അന്നത്തെ ഐ.പി.സി. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ റ്റി.എസ്. ഏബ്രഹാം ഔദ്യോഗികമായി സഭയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വാടകക്കെടുത്ത ഹോട്ടല്‍ മുറിയില്‍ ആയിരുന്നു ആരംഭ കാലത്ത് ആരാധന നടത്തിയത്. എന്നാല്‍ 2002 മെയ് 29ന് നയാക്കിലുള്ള ഫസ്റ്റ് ബാപ്ടിസ്റ്റ് ചര്‍ച്ച് വിലയ്ക്ക് വാങ്ങുവാനും ജൂണ്‍ 2 മുതല്‍ അവിടെ ആരാധന ആരംഭിക്കുവാനും സഭക്കു സാധിച്ചു.

സഭയുടെ ഫൗണ്ടര്‍ കൂടിയായ പാസ്റ്റര്‍ ജോസഫ് വില്യംസ് സീനിയര്‍ പാസ്റ്റര്‍ ആയും പ്രസിഡന്റ് ആയും സേവനം അനുഷ്ഠിക്കുന്നു. 2001 മുതല്‍ സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വന്ന റവ.ബേബി മാത്യു 2003 മുതല്‍ വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കുന്നു. പാസ്റ്റേഴ്‌സ് കെ.എം.മാത്യു, ജോര്‍ജ് വര്‍ഗീസ്, ഡോ.സാമുവേല്‍ തോമസ് എന്നിവര്‍ സഹ ശുശ്രൂഷകരായും ബ്രദര്‍ വൈ യോഹന്നാന്‍ സെക്രട്ടറിയായും തോമസ് മാത്യു ട്രഷറര്‍ ആയും ഈ ജൂബിലി വര്‍ഷത്തില്‍ സേവനം ചെയ്യുന്നു.

സഭയുടെ ട്രസ്റ്റിമാരായ കരിമ്പിനേത്ത് വര്‍ഗീസും ജോസഫ് ഏബ്രഹാമും സഭാ വസ്തുവകകളുടെ മേല്‍നോട്ടവും പരിപാലനവും നിര്‍വഹിക്കുന്നു.

സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സഭ ഐ.പി.സി. മലബാര്‍ മിഷന്റെ പ്രധാന പങ്കാളികളായിരുന്നു. ഇന്ത്യയില്‍ ബീഹാര്‍, ഒറീസ്സ, തമിഴ്‌നാട് ഐ.പി.സി. പ്രവര്‍ത്തനങ്ങളെ സഹായിച്ചു വരുന്നു. പ്രളയകാലത്ത് കേരളത്തിലും കോവിഡ് മഹാമാരിയില്‍ ഇന്ത്യയില്‍ ആകമാനവും സഭയുടെ സഹായം എത്തി. ജീവകാരുണ്യ പ്രവര്‍ത്തനത്തിനും സുവിശേഷീകരണത്തിനുമായി ഒരു കോടിയിലധികം രൂപയുടെ പദ്ധതികളാണ് ജൂബിലി വര്‍ഷത്തില്‍ സഭ നടപ്പിലാക്കുന്നത്.

Report : രാജന്‍ ആര്യപ്പള്ളില്‍

Author