ന്യൂയോർക്ക് : കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാറും മുൻ കായികവകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ.ഡോ. ജോസ് ജെയിംസ് അമേരിക്കയിൽ എത്തിച്ചേർന്നു.
ഇൻഡ്യാനയിലെ ഇൻഡിയാനപൊലീസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 14 മത് നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക് കോൺഗ്രസ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോസ് ജെയിംസ്. യുഎസ്എ യിലും കാനഡയിലും താമസിക്കുന്ന 3000 – ലധികം വരുന്ന ക്നാനായക്കാരുടെ കൂട്ടായ്മയാണ് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ കൺവെൻഷൻ കോവിഡ് മൂലം കഴിഞ്ഞ വർഷം കൺവെൻഷൻ നടത്തുവാൻ കഴിഞ്ഞിരുന്നില്ല. ജൂലൈ 24 നു കൺവെൻഷൻ സമാപിക്കും.
ചിക്കാഗോ, ഫ്ളോറിഡാ, ടൊറോന്റോ എന്നിവദങ്ങളിലെ സന്ദർശനത്തിനുശേഷം ഓഗസ്റ്റ് 29 നു കേരളത്തിലേക്കു മടങ്ങും. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ജോസ് ജെയിംസ് ഇത് അഞ്ചാം തവണയാണ് അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുന്നത്. 1998 മുതൽ 2004 വരെ എംജി യൂണിവേഴ്സിറ്റി രജിസ്ട്രാറായിരുന്ന ഇദ്ദേഹം ഇന്ത്യക്കകത്തും വിദേശത്തുമായി നിരവധി ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്.
എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം, അക്കാഡമിക് കൗൺസിലംഗം , സിൻഡിക്കേറ്റ് സെക്രട്ടറി, എംജി യൂണിവേഴ്സിറ്റി കോളേജ് ഡവലപ്മെന്റ് കൌൺസിൽ ഡയറക്ടർ, റിസർച്ച് ഗൈഡ്, അഖിലേന്ത്യ യൂണിവേഴ്സിറ്റിയുടെയും യുജിസി യുടെയും വിവിധ കമ്മിറ്റികളിൽ അംഗം, യു എ ഇ യിലെ റാസൽഖൈമ റോയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജി ഡീൻ, മാലി ദ്വീപിലെ സ്പോർട്സ് ആൻഡ് യൂത്ത് അഫയർസ് കൺസൽട്ടൻറ്, മാലി ദ്വീപ് ഐലൻഡ് ഡെവലപ്മെന്റ് കമ്പനി
അക്കാഡമിക് ഡയറക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിച്ചുട്ടുണ്ട്.
എംജി യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവിയായിരിക്കെ, അഖിലേന്ത്യാ തലത്തിൽ അനവധി കായിക മേളകൾ സംഘടിപ്പിച്ച ഈ കോട്ടയം സ്വദേശി 2015 ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ ചീഫ് ടെക്നിക്കൽ കോർഡിനേറ്റർ ആയിരുന്നു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്പോർട്സ് മാനേജ്മെന്റ് സെക്രട്ടറി ജനറലായിരുന്ന ഇദ്ദേഹത്തിന് ദേശീയ അന്തർദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്നാനായ കാത്തലിക് സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഇദ്ദേഹം നിലവിൽ കോട്ടയം അതിരൂപതയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനാണ്. കൂടാതെ സ്വാശ്രയ സ്ഥാപനമായ കുട്ടിക്കാനം മരിയൻ കോളേജ് ഡയറക്ടർ സ്ഥാനവും വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 91 94471 50789 (വാട്സ്ആപ്)
റിപ്പോർട്ട് : ജീമോൻ റാന്നി