നാല്‍പ്പത്തിനാലാമത് ലോക ചെസ് ഒളിമ്പ്യാഡിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണം തിരുവനന്തപുരത്തെത്തി. ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്ന കൈമാറിയ ദീപശിഖ ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയില്‍ നിന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഏറ്റു വാങ്ങി.ചെസ് മത്സരവുമായി ബന്ധപ്പെട്ട് ദീപശിഖാ പ്രയാണം നടത്തുന്നത് രാജ്യത്ത് ഇത് ആദ്യമാണെന്നും കൂടുതല്‍ ജനങ്ങളിലേക്ക് ഈ കായികയിനം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നെന്നും സ്വീകരണചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പറഞ്ഞു.ഏറ്റവും കൂടുതല്‍ രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന സ്‌പോര്‍ട്‌സ് ഇവന്റ് എന്ന പ്രത്യേകതയും ചെസ് ഒളിമ്പ്യാഡിനുണ്ടെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ തന്നെ ഇങ്ങനെയൊരു മത്സരത്തിന് ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ജൂലൈ 28 മുതല്‍ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് ഫിഡെ ലോക ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 187 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരത്തു നിന്നും ഇനി ദീപശിഖ വിമാനമാര്‍ഗ്ഗം ആന്ധ്രയിലെ തിരിപ്പതിയിലേക്ക് കൊണ്ടുപൊകും. 76 നഗരങ്ങളിലൂടെയാണ് ദീപശിഖ പ്രയാണം നടത്തുന്നത്. ജൂണ്‍ 19 ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തത്.കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, സംസ്ഥാന കായിക-യുവജനകാര്യ ഡയറക്ടറേറ്റ്, നെഹ്റു യുവകേന്ദ്ര, ചെസ് അസോസിയേഷന്‍ കേരള, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍, ലക്ഷ്മിബായ് നാഷണല്‍ കോളേജ് ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി ഒരുക്കിയത്.വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, നെഹ്‌റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ്, എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പാള്‍ ഡോ.ജി കിഷോര്‍, കേരള ചെസ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.രാജേഷ്, നാഷണല്‍ സര്‍വീസസ് സ്‌കീം റീജിയണല്‍ ഡയറക്ടര്‍ ജി.ശ്രീധര്‍, എന്‍.വൈ.കെ ഡെപ്യൂട്ടി ഡയറക്ടര്‍ ബി. അലി സാബ്രിന്‍, കേരള ചെസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി രാജേന്ദ്രന്‍ ആചാരി, നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍, വിവിധ കോളേജുകളിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, കാര്യവട്ടം ലക്ഷ്മിബായ് നാഷണല്‍ കോളേജ് ഫോര്‍ ഫിസിക്കല്‍, എഡ്യൂക്കേഷന്‍ വിദ്യാര്‍ത്ഥികള്‍, ചെസ് കായിക താരങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.
ചെസ് പ്രദര്‍ശന മത്സരത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ സ്‌കൂളിലെ 20 ചെസ് വിദ്യര്‍ത്ഥികള്‍ക്കെതിരെ ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്നയും നാഷണല്‍ അണ്ടര്‍ 12 ദേശീയ ചാമ്പ്യന്‍ ഗൗതം കൃഷ്ണയും ചേര്‍ന്ന് മത്സരിച്ചു.