വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ മാരകമായ കൊറോണ വൈറസ് സബ്വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്നതായി വൈറ്റ് ഹൗസ് കോവിഡ് 19 റസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡോ.ആശിഷ് ഷാ മുന്നറിയിപ്പു നല്‍കി.
പ്രസിഡന്റ് ജൊ ബൈഡന്‍ കോവിഡ് പോസിറ്റീവായതിനുശേഷം വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു ഡോ.ഷാ. പൂര്‍ണ്ണവാക്‌സിനേഷനും, രണ്ടു ബൂസ്റ്റര്‍ ഡോസും, കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച പ്രസിഡന്റ് ബൈഡന് വീണ്ടും കോവിഡ് ടെസ്റ്റ് പോസിറ്റീവായതു വളരെ ഗൗരവമായി കാണേണ്ടതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബൈഡന് കോവിഡിന്റെ കാര്യമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും, ഓക്‌സിജന്‍ ലവല്‍ നോര്‍മലാണെന്നും, എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നും ഡോ.ഷാ പറഞ്ഞു. 50 വയസ്സിനു മുകളിലുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് ഇതുവരെ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഉടനെ അതു ചെയ്യണമെന്നും ഡോ.അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് ആന്റി വൈറല്‍ ചികിത്സയ്ക്ക് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മര്‍ സീസണില്‍ BA5 സബ് വേരിയന്റ് ഓഫ് ഒമിക്രോണ്‍ വ്യാപനം ശക്തിപ്പെടുന്നു. 35 സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ ആശുപത്രികളില്‍ എത്തുന്നതു വര്‍ദ്ധിച്ചിരിക്കുന്നു. 25 സംസ്ഥാനങ്ങളില്‍ ഇന്റന്‍സീവ് കെയറിന് കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കുന്നു. അമേരിക്കയില്‍ ഇതുവരെ 89.7 മില്യണ്‍ കോവിഡ് കേസ്സുകളും, ഒരു മില്യണിലധികം കോവിഡ് മരണവും ഇതിനകം നടന്നു കഴിഞ്ഞതായി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് ഡാറ്റ ചൂണ്ടികാണിക്കുന്നു. കോവിഡ് ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞതായും വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിച്ചിട്ടുണ്ട്.