ചെസ് ഒളിമ്പ്യാഡ് ദീപശിഖയ്ക്ക് ഊഷ്മളമായ വരവേല്‍പ്; മന്ത്രി ആന്റണി രാജു ഏറ്റു വാങ്ങി

Spread the love

നാല്‍പ്പത്തിനാലാമത് ലോക ചെസ് ഒളിമ്പ്യാഡിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണം തിരുവനന്തപുരത്തെത്തി. ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്ന കൈമാറിയ ദീപശിഖ ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയില്‍ നിന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഏറ്റു വാങ്ങി.ചെസ് മത്സരവുമായി ബന്ധപ്പെട്ട് ദീപശിഖാ പ്രയാണം നടത്തുന്നത് രാജ്യത്ത് ഇത് ആദ്യമാണെന്നും കൂടുതല്‍ ജനങ്ങളിലേക്ക് ഈ കായികയിനം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നെന്നും സ്വീകരണചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പറഞ്ഞു.ഏറ്റവും കൂടുതല്‍ രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന സ്‌പോര്‍ട്‌സ് ഇവന്റ് എന്ന പ്രത്യേകതയും ചെസ് ഒളിമ്പ്യാഡിനുണ്ടെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ തന്നെ ഇങ്ങനെയൊരു മത്സരത്തിന് ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ജൂലൈ 28 മുതല്‍ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് ഫിഡെ ലോക ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 187 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരത്തു നിന്നും ഇനി ദീപശിഖ വിമാനമാര്‍ഗ്ഗം ആന്ധ്രയിലെ തിരിപ്പതിയിലേക്ക് കൊണ്ടുപൊകും. 76 നഗരങ്ങളിലൂടെയാണ് ദീപശിഖ പ്രയാണം നടത്തുന്നത്. ജൂണ്‍ 19 ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തത്.

Author