റീസര്‍വേ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളുടേയും ശാശ്വത പരിഹാരമാണ് ഡിജിറ്റല്‍ സര്‍വേ

Spread the love

റീസര്‍വേ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളുടേയും ശാശ്വത പരിഹാരമാണ് ഡിജിറ്റല്‍ സര്‍വേയെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജനപങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ മൈലപ്ര കൃഷി ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പ്രശ്നം നിലനില്‍ക്കുന്ന പഞ്ചായത്താണ് മൈലപ്ര. അതുകൊണ്ടു തന്നെ മൈലപ്രയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കും. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ ജനങ്ങളുടേയും പങ്കാളിത്തം ഉറപ്പാക്കേണ്ടത് പഞ്ചായത്ത് അംഗങ്ങളുടെ കടമയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് രേഖകള്‍ ഹാജരാക്കണമെന്നും മൈലപ്രയുടെ പൊതുആവശ്യമായ താലൂക്ക് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്ന നടപടികള്‍ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
റവന്യു വകുപ്പിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഡിജിറ്റല്‍ സര്‍വേയെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനുഷ്യനിര്‍മ്മിതമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഇതിന്റെ ലക്ഷ്യം. പന്ത്രണ്ട് വില്ലേജുകളാണ് ഡിജിറ്റല്‍ സര്‍വേയ്ക്കായി ആദ്യഘട്ടത്തില്‍ ജില്ലയില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. സവിശേഷമായ ഭൂപ്രകൃതികള്‍ക്ക് അനുസൃതമായ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ സര്‍വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. എന്നാല്‍, ഡിജിറ്റല്‍ സര്‍വേ എന്ന സര്‍ക്കാരിന്റെ വലിയ ലക്ഷ്യം അതിന്റെ യഥാര്‍ത്ഥ പൊരുള്‍ ആര്‍ജിക്കണമെങ്കില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉണ്ടാകേണ്ടതുണ്ട്. ഈ സര്‍വേ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഇന്നാണെന്നും പഞ്ചായത്ത് അംഗങ്ങള്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമിടയിലെ കണ്ണിയാകണമെന്നും കളക്ടര്‍ പറഞ്ഞു.മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ പ്രഭാമണി, ജില്ലാ സര്‍വ്വെ സൂപ്രണ്ട് ടി.പി. സുദര്‍ശനന്‍, സര്‍വെ സൂപ്രണ്ട് നമ്പര്‍ രണ്ട് കെ.കെ അനില്‍കുമാര്‍, അടൂര്‍ സര്‍വെ സൂപ്രണ്ട് വൈ. റോയ്മോന്‍, മൈലപ്ര പഞ്ചായത്ത് സെക്രട്ടറി വി. ശ്രീകാന്ത്, വില്ലേജ് ഓഫീസര്‍ ഹരീഷ്, എച്ച്എസ് നമ്പര്‍ രണ്ട് സിന്ധു വിനോദ്, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author