ഫോമാ കേരളാ ഹൗസ്‌: രണ്ടരലക്ഷം ഡോളർ നൽകുമെന്ന് ഡോക്ടർ ജേക്കബ് തോമസ് – ജോസഫ് ഇടിക്കുള

Spread the love

ന്യൂ യോർക്ക് : ഡോക്ടർ ജേക്കബ് തോമസ് നേത്യത്വം നൽകുന്ന മുന്നണി വിജയിച്ചാൽ നടപ്പിലാക്കുന്ന പ്രഖ്യാപിത പദ്ധതികളിൽ ഒന്നായ ഫോമക്ക് ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം സാക്ഷാൽക്കരിക്കുവാൻ രണ്ടര ലക്ഷം ഡോളർ സംഭാവന നൽകുമെന്ന് ഡോക്ടർ ജേക്കബ് തോമസ് അറിയിച്ചു. ഫ്രണ്ട്‌സ് ഓഫ് ഫോമാ മുന്നണി സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടാൽ കാൻകൂണിൽ നടക്കുന്ന സമാപന സമ്മേളന വേദിയിൽ വെച്ച് ആദ്യ ഗഡുവിന്റെ ചെക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രൈസ്റ്റേറ്റ് മേഖലയിൽ ഫോമയ്‌ക്ക് ഒരു ആസ്ഥാന മന്ദിരം എന്നതാണ് ലക്ഷ്യം. ഫോമാ കേരള ഹൌസ് എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ചിലവിലേക്കായി സ്വന്തമായി നൽകുന്ന രണ്ടര ലക്ഷം ഡോളറിന് പുറമെയുള്ള തുക സംഭാവനയായി കണ്ടെത്തും.

ന്യൂയോർക്കിൽ കൺവെൻഷൻ നടത്താൻ സാധ്യമായാൽ രണ്ടര ലക്ഷം ഡോളർ സംഭാവനയായി നൽകാൻ ഫോമയുമായി സഹകരിക്കുന്ന വാണിജ്യ-വ്യവസായ സംരംഭകർ ഇപ്പോൾ തന്നെ ഉറപ്പു നൽകിയിട്ടുണ്ട് . ട്രൈസ്റ്റേറ്റ് മേഖലയിൽ കൺവെൻഷൻ എന്നത് ഫോമാ പ്രവർത്തകർ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. ഫോമയുടെ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കൺവെൻഷന്റെ പ്രവർത്തനങ്ങൾക്കുമായി ഇതിനോടകം വാണിജ്യ-വ്യവസായ പ്രവർത്തകർ ഉറപ്പു നൽകിയത്തിനു പുറമെ ഫോമയുടെ വിവിധ പ്രവർത്തകർ കൂടുതൽ തുകകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫോമയുടെ കാരുണ്യ പദ്ധതിയായ ഹെല്പിങ് ഹാന്റിന് ക്രൗഡ് ഫണ്ടിംഗ് വഴി ഒരു മില്യൻ ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യം സാധ്യമാക്കും.

ഫോമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പ്രസിഡന്റ് സ്ഥാനാർഥി സ്വന്തമായി രണ്ടര ലക്ഷം ഡോളർ സംഘടനയ്ക്ക് സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചത്. സംഘടനയുടെ ആരംഭകാലം മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും, നിരവധി പരിപാടികളും പദ്ധതികളും ഏറ്റെടുത്തു വിജയിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ശ്രീ ഡോക്ടർ ജേക്കബ് തോമസ്. കാരുണ്യ പ്രവർത്തനങ്ങൾക്കും , ജന സേവന പദ്ധതികൾക്കും കയ്യയച്ചു സംഭാവന നൽകുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. കേരളത്തിൽ കൊല്ലത്ത് വായനശാലക്ക് അദ്ദേഹം നൽകിയ സംഭാവന എടുത്തു പറയേണ്ട ഒന്നാണ്. കേരള കൺവെൻഷനായാലും, മറ്റു ഫോമാ പദ്ധതികളായാലും വിജയിപ്പിക്കാൻ എത്ര തുകയും നൽകുന്നതിനും കണ്ടെത്തുന്നതിനും അദ്ദേഹം കാണിക്കുന്ന പ്രതിബദ്ധത വിസ്മരിക്കാവുന്നതല്ല.

മാനവികതയും, കരുണയുമാണ് ഒരാൾ പിന്തുടരേണ്ട അടിസ്ഥാന പ്രമാണങ്ങൾ എന്ന വിശ്വാസക്കാരനാണ് ശ്രീ ജേക്കബ്. കേരളത്തിലും, അമേരിക്കയുമായി വിവിധ വ്യസായങ്ങളും ഹോട്ടലുകളും സ്വന്തമായുള്ള ശ്രീ ഡോക്ടർ ജേക്കബ് തന്റെ വരുമാനങ്ങളിൽ നല്ലൊരു പങ്കും ജന സേവന പദ്ധതികൾക്കായി വിനിയോഗിക്കാറുണ്ട്. വിദ്യഭാസ രംഗത്തു സഹായം നൽകുന്നതിനും അദ്ദേഹം വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുമുണ്ട്.

ഫോമയുടെ 2022-24 കാലത്തേക്കുള്ള ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ശ്രീ ഡോക്ടർ ജേക്കബ് പ്രസിഡന്റായും, ഓജസ് ജോൺ സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷറർ ആയും,സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും, ഡോക്ടർ ജെയ്‌മോൾ ശ്രീധർ ജോയിന്റ് സെക്രട്ടറിയായും, ജെയിംസ് ജോർജ്ജ് ജോയിന്റ് ട്രഷററായും ആയാണ് മത്സരിക്കുന്നത്. വിവിധ സംഘടനകളുടെ മുൻ പ്രസിഡന്റ്‌മാരായി പ്രാഗൽഭ്യം തെളിയിച്ചവരാണ് സ്ഥാനാർത്ഥികൾ എന്ന പ്രത്യേകതയും ഉണ്ട്.

ഫ്രണ്ട്‌സ് ഓഫ് ഫോമയുടെ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കാണമെന്നു ശ്രീ ഡോക്ടർ ജേക്കബ് തോമസ് അഭ്യർത്ഥിച്ചു.

വാർത്ത : ജോസഫ് ഇടിക്കുള.

 

Author