കേരളത്തിന്റെ വ്യവസായ മേഖലയില്‍ ഗണ്യമായ പുരോഗതിയാണ് ഉണ്ടായതെന്നും മൂന്നര മാസംകൊണ്ട് 42372 സംരംഭങ്ങള്‍ ആരംഭിച്ചതായും മുഖ്യന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളാരംഭിക്കുന്നതിനായി ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമായത്. നാലു ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കുന്നത്. മൂന്നു മുതല്‍ നാലു ലക്ഷം വരെ തൊഴില്‍ ഇതിലൂടെ ലഭ്യമാകും.
മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. 75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ടാറ്റ എലക്സിയുമായി ഒപ്പ് വച്ച് 10 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി കെട്ടിടം കൈമാറി. കാക്കനാട് രണ്ട് ഘട്ടങ്ങളിലായി 1200 കോടി രൂപ നിക്ഷേപമുള്ള, 20000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിക്ക് ടി സി എസുമായി ധാരാണാ പത്രം ഒപ്പുവച്ചു. ദുബായ് വേള്‍ഡ് എക്സ്പോയില്‍ പങ്കെടുത്തതിലൂടെയും നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് വന്നു. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 2220 ഏക്കര്‍ ഭൂമിയുടെ 70 ശതമാനം ഭൂമി 10 മാസം കൊണ്ട് ഏറ്റെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാരണം പ്രതിസന്ധിയിലായ എം എസ് എം ഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കി. 50 കോടിയില്‍ അധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി നല്‍കുകയാണ്. 50 കോടി രൂപ വരെയുള്ള വ്യവസായങ്ങള്‍ക്ക് അതിവേഗ അനുമതി നല്‍കുന്നതിന് കെസ്വിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭകരുടെ പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിനായി കേന്ദ്രീകൃത പരിശോധനാ സംവിധാനം(കെസിസ്) നിലവില്‍ വന്നു. വ്യവസായങ്ങളുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള നടപടികള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക, പുത്തന്‍ സംരംഭങ്ങള്‍ കൊണ്ടുവരിക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യം പ്രതീക്ഷിച്ച നിലയില്‍ മുന്നേറുകയാണ്.
കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം രാജ്യത്തെ വ്യവസായ പാര്‍ക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കിന്‍ഫ്രയ്ക്ക് കീഴിലുള്ള അഞ്ച് പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങള്‍ കേരളത്തില്‍ എത്തിക്കാനും 20,900 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞത് കിന്‍ഫ്രയുടെ നേട്ടമാണ്. ഇന്‍ഫോപാര്‍ക്കിനടുത്ത് 10 ഏക്കര്‍ ഭൂമിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷന്‍ കം ട്രേഡ് ആന്റ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. സ്വകാര്യമേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനു സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. ഈ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഏക്കറിന് 30 ലക്ഷം വരെ നല്‍കും. ഒരു എസ്റ്റേറ്റിന് പരമാവധി മൂന്നു കോടി രൂപ വരെയാണ് ഇങ്ങനെ നല്‍കുക.ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. മികച്ച മാതൃകകള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നോക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് എല്ലാവരുടേയും പിന്തുണ വേണം. എന്നാല്‍ ചില ഘട്ടങ്ങളിലെങ്കിലും പ്രത്യേക നശീകരണ മനോഭാവം കാണിക്കുന്ന സമീപനം ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം എന്നാണ് അത്തരക്കാരോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.